കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരത്തിലെത്തിയ ബി.ജെ.പി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി സ്വപൻ ദാസ്‌ഗുപ്ത നിയമസഭയിൽ അവതരിപ്പിച്ചു. തൊഴിൽ, അടിസ്ഥാനസൗകര്യ വികസനം, വനിതാ ക്ഷേമം എന്നിവക്ക് പ്രാധാന്യം നൽകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്.
തൊഴിലില്ലാത്ത ബിരുദധാരികൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതി പ്രഖ്യാപിച്ചു. ഭരോസ പദ്ധതിയിലൂടെ 21നും 45നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 3000 രൂപ സാമ്പത്തിക സഹായമായി നൽകും. ബിരുദധാരികളല്ലാത്ത തൊഴിൽ രഹിതർക്ക് പ്രതിമാസം 2000 രൂപയും നൽകുന്നതാണ് പദ്ധതി. യുവാക്കൾക്ക് തൊഴിൽ അന്വേഷിക്കുന്ന കാലയളവിൽ സഹായമെത്തിക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ അറിയിച്ചു.
വനിതകൾക്ക് സൗജന്യ ബസ് യാത്ര ഉറപ്പാക്കുന്ന പദ്ധതിക്ക് 550 കോടി രൂപ വകയിരുത്തി. വനിതാ ക്ഷേമ പദ്ധതിയായ ‘അന്നപൂർണ യോജന’ക്ക് 36,000 കോടി രൂപ വകയിരുത്തി. സംസ്ഥാനത്തെ സ്ത്രീകൾക്ക് നേരിട്ടുള്ള സാമ്പത്തിക സഹായം നൽകുന്ന ഈ പദ്ധതി ബി.ജെ.പിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. കൂടാതെ ബംഗാളിൽ ആദ്യ ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) എന്നിവ സ്ഥാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
കൊൽക്കത്തയിൽ രണ്ടാമത്തെ വിമാനത്താവളം സ്ഥാപിക്കാനും സംസ്ഥാനത്ത് മൂന്ന് പുതിയ എയർഫീൽഡുകൾ വികസിപ്പിക്കാനും ബജറ്റിൽ നിർദേശം മുന്നോട്ടുവച്ചു. കൊൽക്കത്ത വിമാനത്താവളത്തിലെ തിരക്ക് കുറക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കല്യാണിയിൽ ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി 1000-15000 ഏക്കർ ഭൂമി കണ്ടെത്തിയതായും ധനമന്ത്രി ബജറ്റിൽ അറിയിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 20 ശതമാനം ഡി.എ വർധനയും പ്രഖ്യാപിച്ചു. ബംഗാൾ പൊലീസിലെ 20,000 ഒഴിവുകളും അധ്യാപകരുടെ 50,000 ഒഴിവുകളും നികത്താൻ റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുമെന്നും വിരമിച്ച മാധ്യമപ്രവർത്തകർക്ക് 5000 രൂപ പ്രതിമാസ പെൻഷൻ അനുവദിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.