എ.ടി.എം വിവര ചോര്‍ച്ച: നഷ്ടം 1.3 കോടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാങ്കിങ് മേഖലയെ ബാധിച്ച ഏറ്റവും വലിയ സുരക്ഷാ പാളിച്ചയില്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടമായത് ഒരു കോടി 30 ലക്ഷം രൂപ.
641 അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ ചോര്‍ത്തി അമേരിക്ക, ചൈന എന്നീ രാജ്യങ്ങളില്‍നിന്ന് അടക്കമാണ് ഇത്രയും തുക അനധികൃതമായി പിന്‍വലിച്ചിരിക്കുന്നത്. രാജ്യത്തെ റീട്ടെയില്‍ ബാങ്ക് ഇടപാടുകള്‍ നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ദേശീയ പേമെന്‍റ് കോര്‍പറേഷനാണ് (എന്‍.പി.സി.ഐ) ഇക്കാര്യം അറിയിച്ചത്. സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ക്ക് അവരുടെ എ.ടി.എമ്മുകളില്‍നിന്ന് ഇത്രയും തുക നഷ്ടപ്പെട്ടത് സംബന്ധിച്ച് ഉപഭോക്താക്കളില്‍നിന്ന് പരാതി ലഭിച്ചതായും എന്‍.പി.സി.ഐ അറിയിച്ചു. 19 ബാങ്കുകളുടെ എ.ടി.എമ്മുകളിലാണ് തട്ടിപ്പ് നടന്നത്. ഉപഭോക്താക്കള്‍ ഇന്ത്യയിലുള്ളപ്പോള്‍തന്നെ അവരുടെ അക്കൗണ്ട് വിവരങ്ങള്‍ ഉപയോഗിച്ച് ചൈന, അമേരിക്ക എന്നീ രാജ്യങ്ങളില്‍നിന്നടക്കം പണം പിന്‍വലിച്ചതായും കണ്ടത്തെി.
അതേസമയം, ബാങ്കിങ് മേഖലയുടെ വിശ്വാസ്യത കളങ്കപ്പെടുത്തിയ എ.ടി.എം സുരക്ഷാവീഴ്ചക്ക് തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടിക്കൊരുങ്ങി. ഇതിന്‍െറ ഭാഗമായി എ.ടി.എം രഹസ്യങ്ങള്‍ ചോര്‍ന്ന ബാങ്കുകളോടും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. ഉപഭോക്താക്കളുടെ താല്‍പര്യം പൂര്‍ണമായി സംരക്ഷിക്കുമെന്നും തട്ടിപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. നിലവിലെ പ്രശ്നം പരിഹരിക്കുന്നതിനൊപ്പം ഭാവിയില്‍ ബാങ്കിങ് മേഖലയില്‍ സൈബര്‍ തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളും ഇതിനൊപ്പം സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കമ്പ്യൂട്ടര്‍ വഴിയാണ് തട്ടിപ്പ് അരങ്ങേറുന്നത് എന്നതിനാല്‍ ഉറവിടം കണ്ടത്തൊന്‍ എളുപ്പമാണെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു.  അതിവേഗം പരിഹാര നടപടിയുണ്ടാകുമെന്നും ദാസ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ സ്വകാര്യ, പൊതുമേഖലാ ബാങ്കുകളിലെ 32 ലക്ഷത്തോളം എ.ടി.എം ഡെബിറ്റ് കാര്‍ഡുകള്‍ തിരിച്ചുവിളിച്ചിരുന്നു. സുരക്ഷാ മുന്‍കരുതലെന്ന നിലയിലാണ് ഇത്രയും കാര്‍ഡുകള്‍ തിരിച്ചുവിളിച്ചത്. റദ്ദാക്കിയ കാര്‍ഡുകളുടെ ഉടമകളോട് പുതിയവ ഉടന്‍ വാങ്ങാനും നിലവിലെ ഉപഭോക്താക്കളോട് പിന്‍ മാറ്റാനുമാണ് ബാങ്കുകള്‍ ആവശ്യപ്പെട്ടത്.
രാജ്യത്ത് 60 കോടി ഡെബിറ്റ് കാര്‍ഡുകളാണുള്ളത്. ഇതില്‍ 19 കോടിയും ഇന്ത്യയുടെ സ്വന്തം റുപെ കാര്‍ഡുകളാണ്. ബാക്കിയുള്ളവ വിസ/മാസ്റ്റര്‍ കാര്‍ഡുകളും. ഇതില്‍ പോയന്‍റ് അഞ്ച് ശതമാനം കാര്‍ഡുകളെ മാത്രമേ സുരക്ഷഭീഷണി ബാധിച്ചിട്ടുള്ളുവെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സാമ്പത്തിക സേവന വിഭാഗം അഡീഷനല്‍ സെക്രട്ടറി ജി.സി. മര്‍മു പറഞ്ഞിരുന്നു. ചില മെഷീനുകളില്‍നിന്ന് പ്രത്യേക കാലയളവിലാണ് പണം പിന്‍വലിക്കപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ തട്ടിപ്പിന്‍െറ വ്യാപ്തി പരിമിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷാ ഭീഷണി നേരിടുന്നവയില്‍ ആറു ലക്ഷം റുപെ കാര്‍ഡുകളും ബാക്കി 26 ലക്ഷം വിസ/മാസ്റ്റര്‍ കാര്‍ഡുകളുമാണ്.
നാഷനല്‍ കാര്‍ഡ് പേയ്മെന്‍റ്സ് നെറ്റ്വര്‍ക്കിന്‍െറ നിര്‍ദേശാനുസരണം അന്താരാഷ്ട്ര ധനകാര്യ സുരക്ഷാ സമിതിയായ പേയ്മെന്‍റ് കാര്‍ഡ് ഇന്‍ഡസ്ട്രി സെക്യൂരിറ്റി സ്റ്റാന്‍ഡാര്‍ഡ് കൗണ്‍സില്‍ സംഭവത്തെപ്പറ്റി ഫോറന്‍സിക് ഓഡിറ്റ് ആരംഭിച്ചിട്ടുണ്ട്.  
എന്നാല്‍, കൂടുതല്‍ ബാങ്കുകളുടെ ഉപഭോക്താക്കളും തട്ടിപ്പിനിരയായതായി സംശയം രേഖപ്പെടുത്തിയിട്ടുണ്ട്. എസ്.ബി.ഐക്കൊപ്പം ബാങ്ക് ഓഫ് ബറോഡ, സെന്‍ട്രല്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക് എന്നിവയും കരുതല്‍ നടപടിയെന്നോണം പുതുക്കിയ കാര്‍ഡുകള്‍ നല്‍കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് നഷ്ടമായെന്ന് ഉറപ്പായ പണം തിരികെ നല്‍കാനും ബാങ്കുകള്‍ തീരുമാനിച്ചിട്ടുണ്ട്.

 

Tags:    
News Summary - Rs 1.3 cr stolen: NPCI explains how it happened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.