ന്യൂഡൽഹി: യെസ് ബാങ്ക് മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റാണ കപൂറിനെതിരായ ആരോപണങ്ങൾ ഇന്ത്യൻ ബാങ്കിങ് സംവിധാനത്തിന്റെ വിശ്വാസ്യതെ യ പിടിച്ചുകുലുക്കിയെന്ന് സുപ്രീംകോടതി. റാണ കപൂറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ വാക്കാലുള്ള പരാമർശം. കപൂറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി പിന്നീട് പരിഗണിക്കാനായി മാറ്റി.
കപൂറിനെതിരെ ചുമത്തപ്പെട്ട വകുപ്പുകൾക്ക് ലഭിക്കുന്ന കുറഞ്ഞ ശിക്ഷ മൂന്ന് വർഷം തടവും കൂടിയത് ഏഴ് വർഷം തടവുമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഹരീഷ് സാൽവെ വാദിച്ചു. ഇപ്പോൾ തന്നെ അദ്ദേഹം മൂന്നര വർഷം ജാമ്യമില്ലാതെ ജയിലിൽ കിടന്നു. ഇനിയെങ്കിലും കപൂറിന് ജാമ്യം അനുവദിക്കണമെന്നായിരുന്നു സാൽവെയുടെ ആവശ്യം.
സാധാരണ സാഹചര്യമായിരുന്നുവെങ്കിൽ ജാമ്യം ലഭിക്കുമായിരുന്നു. എന്നാൽ, ഇന്ത്യൻ ബാങ്കിങ് സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന കേസായതിനാൽ ജാമ്യം നൽകുന്നതിന് ബുദ്ധിമുട്ടുണ്ടെന്നായിരുന്നു സുപ്രീംകോടതി നിലപാട്.
കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ എസ്.വി രാജു വായ്പകൾ അനുവദിച്ചതിന് കപൂർ കൈക്കൂലി വാങ്ങിയെന്ന് കോടതിയെ അറിയിച്ചു. കേസ് വീണ്ടും പരിഗണിക്കാൻ മാറ്റിയ കോടതി കൂടുതൽ വസ്തുതകൾ പരിശോധിക്കുമെന്നും അറിയിച്ചു.
നേരത്തെ കപൂറിന് ബോംബെ ഹൈകോടതി ജാമ്യം നിഷേധിച്ചിരുന്നു. ഡി.എച്ച്.എഫ്.എല്ലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ജാമ്യം നിഷേധിച്ചത്. വിധിക്കെതിരായാണ് കപൂർ സുപ്രീംകോടതിയെ സമീപിച്ചത്. 2020 മാർച്ച് മുതൽ കസ്റ്റഡിയിൽ തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.