ഹൈദരാബാദ്: വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചിട്ടും ഇസ്രായേൽ വംശഹത്യ തുടരുന്ന ഗസ്സയെ കുറിച്ച് വിവാദ ട്വീറ്റുമായി ബോളിവുഡിലെ മുൻനിര സംവിധായകരിലൊരാളായ രാംഗോപാൽ വർമ. വിവിധ വിഷയങ്ങളിൽ വ്യത്യസ്തവും ധീരവുമായ പ്രതികരണങ്ങളിലൂടെ ശ്രദ്ധേയനായ വർമയുടെ പുതിയ ട്വീറ്റ്, സാമൂഹികപ്രവർത്തകരുടെയും എഴുത്തുകാരുടെയും കടുത്ത വിമർശനത്തിനിടയാക്കി.
‘ഇന്ത്യയിൽ ഒരു ദിവസം മാത്രമേ ദീപാവലി ഉള്ളൂ, ഗസ്സയിൽ എല്ലാ ദിവസവും ദീപാവലിയാണ്’ -എന്നായിരുന്നു ആർ.ജി.വി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന രാംഗോപാൽ വർമയുടെ ട്വീറ്റ്. ഇന്നലെ (ഒക്ടോ. 20) രാജ്യത്ത് ദീപാവലി ആഘോഷിക്കുമ്പോഴായിരുന്നു ഇദ്ദേഹത്തിന്റെ കുറിപ്പ്.
ഗസ്സയിലെ സാഹചര്യവുമായി ദീപാവലിയെ താരതമ്യം ചെയ്തത് ഒട്ടും യുക്തിപരമായില്ലെന്ന് നെറ്റിസൺസ് വിമർശിച്ചു. ഈ അഭിപ്രായം ക്രൂരവും കൊല്ലപ്പെട്ടവ കുഞ്ഞുങ്ങൾ അടക്കമുള്ളവരോടുള്ള അനാദരവുമാണെന്ന് പലരും പറഞ്ഞു. ധാർമ്മിക തകർച്ചയുടെ അടയാളമാണിതെന്ന് മാധ്യമപ്രവർത്തക റാണ അയ്യൂബ് വിശേഷിപ്പിച്ചു, ‘ദീപാവലി വെളിച്ചത്തെയും പ്രതീക്ഷയെയും കുറിച്ചുള്ളതാണ്. ഗസ്സയാകട്ടെ, വേദനയെയും അതിജീവനത്തെയും കുറിച്ചുള്ളതാണ്’ -ആക്ടിവിസ്റ്റ് രാഖി ത്രിപാഠി പറഞ്ഞു. വർമ്മയിൽ നിന്ന് ഇത്തരമൊരു അഭിപ്രായം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു എഴുത്തുകാരനായ അശോക് കുമാർ പാണ്ഡെയുടെ മറുപടി.
ഫാഷിസ്റ്റ് വിരുദ്ധ സമീപനം സ്വീകരിക്കുന്ന ആർ.ജി.വിയുടെ ഈ പോസ്റ്റ് ശ്രദ്ധ ആകർഷിക്കാൻ വേണ്ടി മാത്രമാണെന്ന് ആരാധകരും സിനിമാപ്രേമികളും ചൂണ്ടിക്കാട്ടി. എന്നാൽ, പോസ്റ്റ് പിൻവലിക്കാനോ വിശദീകരണം നൽകുവാനോ അദ്ദേഹം തയാറായിട്ടില്ല. ക്ഷമാപണം നടത്തുകയും ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.