യു.എസ് കമാൻഡർ ജനറൽ കെവിൻ ബി. ഷ്നൈഡർ, വ്യോമസേനാ മേധാവി എ.പി. സിങ്


‘അടുത്തുപോലും പോകാൻ അനുവദിക്കുന്നില്ല’; എഫ് 35 യുദ്ധവിമാനം ഇന്ത്യ വാങ്ങുമോ? അമേരിക്കക്ക് കൊട്ടുകൊടുത്ത് വ്യോമസേനാ മേധാവി

ന്യൂഡൽഹി: അമേരിക്കയുടെ അത്യാധുനിക എഫ്-35 യുദ്ധവിമാനം ഇന്ത്യക്ക് വിൽക്കാൻ ഔദ്യോഗിക അനുമതി ലഭിച്ചിട്ടില്ലെന്ന് വ്യോമസേനാ മേധാവി എ.പി. സിങ്. വിമാനത്തിനടുത്തുപോലും പോകാൻ അമേരിക്ക അനുവദിക്കുന്നില്ലെന്ന പരിഹാസത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രതികരണമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അമേരിക്കൻ വ്യോമസേനാ കമാൻഡർ അരികിലിരിക്കെയായിരുന്നു സിങ്ങിന്റെ പ്രതികരണം.

അതേ സമയം റഷ്യയുടെ യുദ്ധവിമാനമായ എസ്.യു-57 വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യത്തിലും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജോധ്പുരിൽ നടന്ന ബഹുരാഷ്ട്ര വ്യോമാഭ്യാസമായ ‘തരംഗ് ശക്തി 2026’ന്റെ സമാപനത്തോടനുബന്ധിച്ച വാർത്താസമ്മേളനത്തിലാണ് എഫ്-35 സംബന്ധിച്ച ചോദ്യത്തിനായിരുന്നു എ.പി. സിങ് രസകരമായ മറുപടി നൽകിയത്. എഫ്-35 യുദ്ധവിമാനങ്ങൾ ഇന്ത്യക്ക് ‘നിങ്ങളുടെ ആളുകൾ ഞങ്ങളെ വിമാനത്തിന്റെ അടുത്തുപോലും പോകാൻ അനുവദിക്കുന്നില്ല. എന്നിട്ടാണ് അത് ഞങ്ങൾക്ക് വിൽക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്’ എന്നായിരുന്നു എ.പി. സിങ്ങിന്റെ പരിഹാസരൂപത്തിലുള്ള പ്രതികരണം.

ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിക്കുന്ന തരംഗ് ശക്തി വ്യോമാഭ്യാസത്തിൽ ആറ് അമേരിക്കൻ എഫ്-35 ലൈറ്റ്നിങ് II യുദ്ധവിമാനങ്ങൾ പങ്കെടുത്തു. അഭ്യാസത്തിനിടെ കോക്പിറ്റ് കാണിച്ചുതന്നില്ലെന്നും എന്നാൽ വിമാനത്തോടൊപ്പം അടുത്ത അകലത്തിൽ പറക്കൽ നടത്താൻ അനുവദിച്ചെന്നും എ.പി. സിങ് പറഞ്ഞു. തന്ത്രപ്രധാനമായ സൈനിക സാങ്കേതികവിദ്യകൾ സംരക്ഷിക്കാൻ രാജ്യങ്ങൾ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം എഫ്-35 സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കുന്നതിൽ എന്തൊക്കെ നിയന്ത്രണങ്ങളുണ്ടെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് തന്റെ ചുമതലയല്ലെന്നാണ് കമാൻഡർ ജനറൽ കെവിൻ ബി. ഷ്നൈഡർ പറഞ്ഞത്. എന്തൊക്കെ വിവരങ്ങൾ, എപ്പോൾ, എങ്ങനെ പങ്കുവെക്കാം എന്നതും അവ എങ്ങനെ സംരക്ഷിക്കണം എന്ന കാര്യങ്ങൾ നിർണയിക്കുന്ന പ്രത്യേക സുരക്ഷാ മാർഗനിർദേശങ്ങളുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

റഡാറുകളിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള ശേഷി മാത്രമല്ല എഫ്-35ന്റെ പ്രത്യേകത. വിമാനത്തിൽ സംയോജിപ്പിച്ചിട്ടുള്ള സെൻസറുകളും കമ്പ്യൂട്ടിങ് സംവിധാനങ്ങളും ശത്രുഭീഷണികൾ തിരിച്ചറിയാനും വിവരങ്ങൾ കൈമാറാനും സൈനിക നീക്കങ്ങൾ ഏകോപിപ്പിക്കാനും പൈലറ്റുമാരെ സഹായിക്കുന്നു. അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ പ്രധാന സവിശേഷതകളിൽ ഇവയും ഉൾപ്പെടുന്നു.

Tags:    
News Summary - US Withholds F-35 Access From India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.