മുത്തശ്ശിയുടെ വിയോഗം; ഗ്രാമത്തിലേക്ക് മടങ്ങി അഭിജീത് ദിപ്കെ; പോരാട്ടം തുടരുമെന്ന് കോക്രോച്ച് ജനതാ പാർട്ടി

ന്യൂഡൽഹി: ഡൽഹി പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് മോചിതനായതിന് തൊട്ടുപിന്നാലെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദിപ്കെ മഹാരാഷ്ട്രയിലെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി. ശനിയാഴ്ച മുത്തശ്ശി അന്തരിച്ചതിനെ തുടർന്നാണ് ദുഃഖസൂചകമായി കുടുംബത്തോടൊപ്പം ചേരാൻ അഭിജിത് യാത്ര തിരിച്ചത്. പ്രക്ഷോഭങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സമരം തുടരുമെന്നും ദിപ്കെ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ജന്തർ മന്തറിൽ നടത്താനിരുന്ന പ്രക്ഷോഭത്തിന് തൊട്ടുമുമ്പാണ് അഭിജിത് ദിപ്കെ, സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷമാണ് ഇരുവരെയും ഒരു വർഷത്തേക്ക് 'സമാധാനം ലംഘിക്കില്ല' എന്ന വ്യവസ്ഥയിൽ മോചിപ്പിച്ചത്. സി.ജെ.പി പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ എത്തിയ യൂട്യൂബർ ധ്രുവ് റാഠിയെയും ഹരിയാന പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് മോചിപ്പിച്ചു.

മോചനത്തിന് ശേഷം സാമൂഹിക മാധ്യമമായ 'എക്‌സി'ലൂടെയാണ് അഭിജിത് ദിപ്കെ നിലപാട് വ്യക്തമാക്കിയത്. "കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരാൻ ഞാൻ ഗ്രാമത്തിലേക്ക് മടങ്ങുകയാണ്. സി.ജെ.പി നേതാക്കളായ സൗരവ് ദാസും അശുതോഷും ഡൽഹിയിൽ വാർത്താസമ്മേളനം നടത്തും. സി.ജെ.പി ഭയപ്പെടുകയോ പിന്നോട്ട് പോവുകയോ ഇല്ല. ഭയത്തിന് വഴങ്ങില്ല" - ദിപ്കെ കുറിച്ചു.

പ്രക്ഷോഭങ്ങൾ ശക്തമായതിനെ തുടർന്ന് സമാധാനപരമായി ഒത്തുകൂടുന്നവരെ നിയമവിരുദ്ധമായി തടങ്കലിലാക്കരുതെന്നും മെട്രോ-ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുത്തരുതെന്നും സുപ്രീം കോടതി നിർദേശം നൽകിയിരുന്നു.

Tags:    
News Summary - Abhijeet Dipke Released from Detention, Heads to Village After Grandmother's Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.