ന്യൂഡൽഹി: ഡിസംബർ അവസാനത്തോടെ അന്താരാഷ്ട്ര വിമാന സർവിസുകൾക്കുള്ള നിയന്ത്രണം ഒഴിവാക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ കൊറോണ വകഭേദമായ ഒമിക്രോണിനെതിരെ ജാഗ്രതയോടെ നീങ്ങണമെന്നും മോദി നിർദേശിച്ചു. ഉന്നത ആരോഗ്യ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ രാജ്യത്തെ കോവിഡ് സാഹചര്യങ്ങളും പുതിയ വകഭേദം ഉയർത്തുന്ന ഭീഷണികളും ചർച്ച ചെയ്തു.
(കോവിഡ് അവലോകന യോഗത്തിൽ പ്രധാനമന്ത്രി സംസാരിക്കുന്നു)
അന്താരാഷ്ട്ര വിമാന സർവിസുകൾ ഡിസംബർ അവസാനത്തോടെ സാധാരണ നിലയിലാകുമെന്നായിരുന്നു കേന്ദ്ര വ്യോമയാന സെക്രട്ടറി രാജീവ് ബൻസാൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര വിമാന സർവിസുകൾക്ക് നിലവിൽ നവംബർ 30വരെയാണ് വിലക്കുള്ളത്. ദക്ഷിണാഫ്രിക്കയിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തുകയും യൂറോപ്പിൽ കോവിഡ് കേസുകൾ വർധിക്കുകയും ചെയ്യുന്നത് ആഗോള ആശങ്കക്കിടയാക്കിയ സാഹചര്യത്തിലാണ് യാത്രാ നിയന്ത്രണം ഒഴിവാക്കാനുള്ള തീരുമാനം പുനപരിശോധിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചത്.
അന്താരാഷ്ട്ര യാത്രക്കാരെ കൃത്യമായി പരിശോധനക്ക് വിധേയമാക്കണമെന്ന് മോദി യോഗത്തിൽ നിർദേശിച്ചു. പ്രത്യേക വിഭാഗത്തിൽ പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രികരുടെ പരിശോധനക്ക് കൂടുതൽ ശ്രദ്ധ നൽകണം.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ചിലാണ് അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തിവെച്ചത്. പ്രവാസികളെ തിരികെയെത്തിക്കാനും മരുന്നും മറ്റ് ചരക്കുകളും എത്തിക്കാനും മാത്രമാണ് ഡി.ജി.സി.എയുടെ അനുമതിയോടെ അന്താരാഷ്ട്ര സർവിസുകൾ നടന്നത്. പിന്നീട്, ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ ലഘൂകരിച്ചെങ്കിലും പഴയ നില കൈവരിച്ചിരുന്നില്ല.
രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ വിവിധ രാജ്യങ്ങളുമായി എയർ ബബ്ൾ കരാറുണ്ടാക്കി അന്താരാഷ്ട്ര സർവിസുകൾ നടത്തിയിരുന്നു. ഇന്ത്യക്ക് 25 രാജ്യങ്ങളുമായി എയർ ബബ്ൾ കരാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.