റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സി.ഇ.ഒ

അയോധ്യ: ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി റിട്ടയേർഡ് എയർ മാർഷൽ ജിതേന്ദ്ര മിശ്രയെ നിയമിച്ചു. രാമ ക്ഷേത്ര സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയാണ് ട്രസ്റ്റ് ഭരണ സംവിധാനത്തിൽ പുതിയ മാറ്റം.

ബുധനാഴ്ച നടന്ന ട്രസ്റ്റ് യോഗത്തിലാണ് സി.ഇ.ഒയെ നിയമിച്ചുകൊണ്ടുള്ള തീരുമാനം. സി.ഇ.ഒ നിയമനത്തിന് പുറമെ ട്രസ്റ്റ് മൂന്ന് പുതിയ അംഗങ്ങളെയും നിയമിച്ചു. അയോധ്യയിൽ നിന്നുള്ള മുതിർന്ന അഭിഭാഷകൻ മദൻ മോഹൻ പാണ്ഡെ, ഡൽഹിയിൽ നിന്നുള്ള മഹേഷ് ഭാഗ്ചന്ദ്ക, അയോധ്യയിൽ നിന്നുള്ള നിർമല യാദവ് എന്നിവരാണ് പുതിയ ട്രസ്റ്റിമാർ.

ഉത്തർപ്രദേശിലെ ദേവരിയ സ്വദേശിയായ ജിതേന്ദ്ര മിശ്ര ഇന്ത്യൻ വ്യോമസേനയിൽ നാല് പതിറ്റാണ്ടോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986 ഡിസംബർ ആറിനാണ് ജീതേന്ദ്ര മിശ്ര ഇന്ത്യൻ വ്യോമസേനയിൽ ഒരു ഫൈറ്റർ പൈലറ്റായി കമീഷൻ ചെയ്തത്. 2026 ഏപ്രിൽ 30നാണ് അദ്ദേഹം വ്യോമസേനയിൽ നിന്ന് വിരമിച്ചത്. 2025 ജനുവരി മുതൽ വിരമിക്കുന്നതുവരെ അദ്ദേഹം വെസ്റ്റേൺ എയർ കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിങ് ഇൻ ചീഫ് ആയിരുന്നു. അതിന് മുമ്പ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫിൽ ഡെപ്യൂട്ടി ചീഫ് (ഓപറേഷൻസ്) സ്ഥാനവും വഹിച്ചിരുന്നു.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിന്റെ സമയത്ത് വെസ്റ്റേൺ എയർ കമാൻഡിന്റെ ചുമതല ജിതേന്ദ്ര മിശ്രക്കായിരുന്നു. വ്യോമപ്രവർത്തനങ്ങളുടെ ഏകോപനത്തിലും കമാൻഡ് തലത്തിലുള്ള തീരുമാനങ്ങളിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. സർവോത്തം യുദ്ധ സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ തുടങ്ങിയ സൈനിക ബഹുമതികളും ജിതേന്ദ്ര മിശ്രക്ക് ലഭിച്ചിട്ടുണ്ട്.

രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ മുഴുവൻ സമയ സി.ഇ.ഒ പോസ്റ്റിലേക്കായി 5585 അപേക്ഷകളാണ് ലഭിച്ചത്. വിശദമായ പരിശോധനകൾക്ക് ശേഷം മൂന്നംഗ സമിതി മൂന്ന് പേരുടെ ചുരുക്കപട്ടിക തയാറാക്കി. ഇതിൽ നിന്നാണ് ജിതേന്ദ്ര മിശ്രയെ തെരഞ്ഞെടുത്തത്. റിട്ട. ജസ്റ്റിസ് പ്രമോദ് കോഹ്‍ലി, ലെഫ്റ്റനന്റ് ജനറൽ (റിട്ട.) ബി.കെ. ചതുർവേദി, ആണവശാസ്ത്രജ്ഞൻ ഡോ. സുരേഷ് ഹവാരെ എന്നിവരടങ്ങിയ സമിതിയാണ് അപേക്ഷകൾ പരിശോധിച്ചത്.

Tags:    
News Summary - Retired Air Marshal Jeetendra Mishra Named First CEO of Ram Temple Trust

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.