ഛണ്ഡിഗഢ്: പഞ്ചാബിലെ അതിർത്തി പ്രദേശങ്ങളിൽ പാകിസ്താൻ ആക്രമണം നടത്തിയതിന് വ്യക്തമായ തെളിവ് പുറത്തുവിട്ട് ദേശീയ മാധ്യമങ്ങൾ. വിവിധ പ്രദേശങ്ങളിൽ നിന്ന് പാകിസ്താൻ മിസൈലുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഇന്ത്യൻ സൈന്യം വെടിവെച്ചിട്ട പാകിസ്താൻ മിസൈലുകളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. പഞ്ചാബ് അടക്കം രാജ്യത്തിൻ്റെ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം പാകിസ്താൻ തൊടുത്ത മിസൈലുകളും ഡ്രോണുകളും ഇന്ത്യ വെടിവെച്ചിട്ടിരുന്നു. ഇവയുടെ അവശിഷ്ടങ്ങളാണ് പഞ്ചാബിലെ വിവിധ ഗ്രാമങ്ങളിൽ ചിതറിക്കിടക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഹോഷിയാർപൂരിലെ കുന്നിൻ പ്രദേശത്തുനിന്ന് ഒരു മിസൈൽ കണ്ടെത്തിയതിനെ തുടർന്ന് പഞ്ചാബ് പൊലീസ് സ്ഥലത്തെത്തി. ഭട്ടിൻഡയിലെ ബീഡ് തലാബിന് സമീപം മിസൈൽ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അമൃത്സറിൽ മിസൈൽ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. പാകിസ്താൻ മിസൈലുകളും ഡ്രോണുകളും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞതിന്റെ സ്ഫോടനങ്ങൾ കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തെ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാകിസ്താൻ തൊടുത്തുവിട്ട ഡ്രോണുകളെയും മിസൈലുകളെയും ഇന്റഗ്രേറ്റഡ് കൗണ്ടർ യു.എ.എസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും നിർവീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകൾക്കെതിരെ നടന്ന ഓപറേഷൻ സിന്ദൂരയ്ക്ക് പിന്നാലെ തിരിച്ചടിയ്ക്കുമെന്ന് പാകിസ്താൻ മുന്നറിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചാബ്, രാജസ്ഥാൻ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ അതിർത്തി പ്രദേശങ്ങളിൽ പാക് സൈന്യം ആക്രമണം നടത്തിയത്.
വ്യാഴാഴ്ച രാത്രി ജമ്മു കശ്മീർ, രാജസ്ഥാൻ, പഞ്ചാബ് എന്നീ അതിർത്തി സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങൾക്ക് നേരെ ഡ്രോണുകളും മിസൈലുകളും പാകിസ്താൻ തൊടുത്ത് വിട്ടിരുന്നു. ഇവയെല്ലാം നിർവീര്യമാക്കിയതായും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇന്ത്യൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.