സ്കൂളിൽ മതപരമായ മുദ്രാവാക്യം വിളിച്ചത് തടസപ്പെടുത്തിയെന്ന്; മലയാളി കന്യാസ്ത്രീകൾക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്

വിദിഷ: സ്കൂളിൽ മതപരമായ മുദ്രാവാക്യം വിളിച്ചത് തടസപ്പെടുത്തിയെന്ന ആരോപണത്തിൽ മലയാളി കന്യാസ്ത്രീകൾക്കെതിരെ കേസ്. മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ഭാരത് മാതാ കോൺവെന്‍റ് സ്കൂളിലെ രണ്ട് കന്യാസ്ത്രീകൾക്കെതിരെയാണ് കേസെടുത്തത്. ബെഞ്ച് ഗസേഡയിലാണ് സംഭവം. ഒരു മാസം മുമ്പ് നവംബർ ഒമ്പതിന് നടന്ന സംഭവത്തിലാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

സ്കൂൾ സമയത്ത് ചില വിദ്യാർഥികൾ ജയ് ശ്രീറാം വിളികൾ നടത്തിയിരുന്നു. ഇക്കാര്യം അധികൃതർ പ്രിൻസിപ്പലിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് സ്കൂൾ സമയത്ത് മതപരമായ മുദ്രാവാക്യങ്ങൾ വിളിക്കാൻ പാടില്ലെന്നും അത് സ്കൂളിലെ അക്കാദമിക് അന്തരീക്ഷത്തിന് ഭംഗം വരുത്തുമെന്നും പ്രിൻസിപ്പൽ കുട്ടികളോട് പറഞ്ഞു. ഈ സംഭവത്തിലാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

മതപരമായ മുദ്രാവാക്യം വിളിച്ചതിന് വിദ്യാർഥികളെ ശിക്ഷിച്ചെന്ന ആരോപണം അന്വേഷിക്കാൻ ദേശീയ ബാലാവകാശ സംരക്ഷണ കമീഷൻ (എൻ.സി.പി.സി.ആർ) വിദിഷ കലക്ടർക്കും എസ്.പിക്കും നവംബർ 10ന് നിർദേശം നൽകിയിരുന്നു. ജയ് ശ്രീറാം വിളിച്ചതിന്റെ പേരിൽ സ്‌കൂൾ പരിസരത്ത് നടന്ന പരിപാടിക്കിടെ 6, 7 ക്ലാസുകളിലെ ചില വിദ്യാർഥികളെ സ്‌കൂൾ അധികൃതർ പരസ്യമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് കമീഷന് ലഭിച്ച പരാതി.

Tags:    
News Summary - 'Religious' slogan at school in Madhya Pradesh; Case against Malayali nuns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.