ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥ മതന്യൂനപക്ഷങ്ങൾക്കെതിരെ വിവേചനപരമായ സമീപനം സ്വീകരിക്കുകയാണെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ് കമീഷന്റെ (യു.എസ്.സി.ഐ.ആർ.എഫ്) നിരീക്ഷണം. ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സ്ഥിതി സംബന്ധിച്ച ഭാഗത്താണ് ഈ അഭിപ്രായം. ഭരണകക്ഷിയായ ബി.ജെ.പിയും ആർ.എസ്.എസും വിവേചനപരമായ നിയമങ്ങളുണ്ടാക്കുന്നതായും റിപ്പോർട്ടിലുണ്ട്. ദേശീയ-സംസ്ഥാന തലങ്ങളിലുണ്ടാകുന്ന പുതിയ നിയമങ്ങൾ വഴി മതസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നു. മതവിശ്വാസത്തിന് ഭരണഘടന പരിരക്ഷയുണ്ടെങ്കിലും ഭരണാന്തരീക്ഷം വിവേചനപരമായ സ്ഥിതിയുണ്ടാക്കുകയാണ്.
ബി.ജെ.പി-ആർ.എസ്.എസ് കൂട്ടുകെട്ട് വഴി രാജ്യത്ത് പൗരത്വം, മതപരിവർത്തനം, ഗോഹത്യ തുടങ്ങിയ വിഷയങ്ങളിൽ വിവേചനപരമായ നിയമങ്ങളുണ്ടാക്കുന്നു. ഭരണഘടനക്ക് മതനിരപേക്ഷ സ്വഭാവമാണുള്ളതെങ്കിലും 2014 മുതൽ രാജ്യത്തെ പ്രകടമായി ഹിന്ദു രാഷ്ട്രമാക്കാനാണ് ബി.ജെ.പി ശ്രമം. ഇവരുണ്ടാക്കുന്ന നിയമങ്ങൾ ന്യൂനപക്ഷങ്ങൾക്ക് ഭീഷണിയുമാകുന്നു. ആർ.എസ്.എസിന്റെ പ്രാഥമിക ദൗത്യം ഹിന്ദുരാഷ്ട്ര നിർമാണമാണ്. മുസ്ലിം, ക്രിസ്ത്യൻ, ജൂത, ബുദ്ധമത, പാർസി വിഭാഗങ്ങളില്ലാത്ത ഹിന്ദുരാഷ്ട്രമെന്ന ആശയമാണ് അത് മുന്നോട്ടുവെക്കുന്നത്. ആർ.എസ്.എസ് നേരിട്ട് രാഷ്ട്രീയ രംഗത്ത് സ്ഥാനാർഥികളെ നിർത്തുന്നില്ല. എന്നാൽ, ബി.ജെ.പിക്ക് പ്രചാരണത്തിനായി അവർ സന്നദ്ധ സേവകരെ നൽകുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇതിൽ പെട്ടയാളാണ്. 2002ൽ മുഖ്യമന്ത്രിയായ സമയത്ത് മോദി ഗുജറാത്ത് കലാപമണയ്ക്കാൻ ഒന്നും ചെയ്തില്ല. ഇതുമൂലം ആയിരങ്ങൾ കൊല്ലപ്പെട്ടു-റിപ്പോർട്ട് പറയുന്നു. 2019ലെ പൗരത്വ ഭേദഗതി നിയമം അയൽരാജ്യങ്ങളിൽ നിന്ന് മതപീഡനമേറ്റുവാങ്ങിയവർക്ക് പെട്ടെന്ന് പൗരത്വം നൽകുന്ന സാഹചര്യമുണ്ടാക്കിയപ്പോൾ അതിൽ നിന്നും മുസ്ലിം അഭയാർഥികളെ ഒഴിവാക്കിയെന്ന് യു.എസ്.സി.ഐ.ആർ.എഫ് റിപ്പോർട്ട് പറയുന്നു. മതപരിവർത്തന വിരുദ്ധ നിയമ പ്രകാരം നൂറുകണക്കിന് ക്രിസ്ത്യാനികളും മുസ്ലിംകളും അറസ്റ്റിലായി. ന്യൂനപക്ഷങ്ങൾ വിചാരണയില്ലാതെ വർഷങ്ങൾ തടവിൽ കഴിയേണ്ടിവരുന്നു. ഉമർ ഖാലിദ് കേസ് ഇതിന് ഉദാഹരണമാണ്.
സംസ്ഥാന തലങ്ങളിലുള്ള ന്യൂനപക്ഷ വിരുദ്ധ ആക്രമണങ്ങളിൽ കാര്യമായ നടപടിയുണ്ടാകുന്നില്ല. ഇതുമൂലം ന്യൂനപക്ഷങ്ങൾക്കെതിരായ ആൾക്കൂട്ട ആക്രമണങ്ങൾ അവഗണിക്കപ്പെടുന്നു. യു.എസ് വിദേശകാര്യ വകുപ്പ് ഇന്ത്യയെ പ്രത്യേകം ശ്രദ്ധിക്കേണ്ട രാജ്യമായി പരിഗണിക്കണമെന്ന് യു.എസ്.സി.ഐ.ആർ.എഫ് ആറാം തവണയും ആവശ്യപ്പെട്ടു. നേരത്തെയുള്ള സമാന നിർദേശങ്ങൾ അമേരിക്ക അവഗണിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.