ബിനീഷ് കോടിയേരിക്ക് ആശ്വാസം; വിചാരണക്കോടതി നടപടികൾക്ക് ഇടക്കാല സ്റ്റേ അനുവദിച്ച് കർണാടക ഹൈകോടതി

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ആശ്വാസം. കേസിൽ വിചാരണക്കോടതി നടപടികൾക്ക് കർണാടക ഹൈകോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. ലഹരിക്കടത്ത് കേസിൽ പ്രതിയല്ലാത്തതിനാൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ഹേമന്ത് നിരീക്ഷിച്ചു. ബിനീഷ് സമർപ്പിച്ച ഹരജിയിൽ അന്തിമവാദം തീരുന്നത് വരെ വിചാരണക്കോടതിയിൽ ഹാജരാകേണ്ടതില്ലെന്നും കോടതി അറിയിച്ചു. 

ലഹരിക്കേസിൽ താൻ പ്രതിയല്ലാത്തതിനാൽ ഇ.ഡി അന്വേഷിക്കുന്ന കേസ് തള്ളണമെന്നാവശ്യപ്പെട്ട് ബിനീഷ് ബംഗളൂരു സിറ്റി സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. ഇത് ജൂൺ 16ന് വിചാരണക്കോടതി തള്ളി. ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 

ലഹരിമരുന്ന് ഇടപാട് നടത്തിയതിന് 2020ൽ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി. അനിഖ എന്നിവരെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ബംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. തന്റെ ‘ബോസ്’ ബിനീഷാണെന്ന് അനൂപ് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ‌ ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലെ നാലാം പ്രതിയാണ് ബിനീഷ്.

കേസിൽ 2020 ഒക്ടോബർ 29ന് ബിനീഷ് അറസ്റ്റിലായിരുന്നു. ഒരു വർഷത്തിന് ശേഷമാണ് കർശന ഉപാധികളോടെ കർണാടക ഹൈകോടതി ജാമ്യം അനുവദിച്ചത്. കേസിൽ അഞ്ച് മാസത്തിന് ശേഷമാണ് ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചത്. അഭിഭാഷകന്‍ മുകേഷ് കുമാര്‍ മാറോറിയാണ് ഇ.ഡിക്ക് വേണ്ടി അപ്പീല്‍ ഹരജി നൽകിയത്.

Tags:    
News Summary - Relief for Bineesh Kodiyeri; Karnataka High Court grants interim stay to trial court proceedings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.