ഐഷി ഘോഷ്

ഐഷി ഘോഷിന് ആശ്വാസം; ജാമ്യമില്ലാ വാറന്‍റ് പട്യാല കോടതി റദ്ദാക്കി

ന്യൂഡൽഹി: ഡൽഹി വിദ്യാർഥി പ്രക്ഷോഭത്തിൽ സജീവമായിരുന്ന എസ്.എഫ്‌.ഐ അഖിലേന്ത്യ സെക്രട്ടറിയും ജെ.എൻ.യു മുൻ വിദ്യാർഥി യൂനിയൻ നേതാവുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പൊലീസ് നീക്കത്തിന് കനത്ത തിരിച്ചടി. 2021ലെ കേസുമായി ബന്ധപ്പെട്ട് ഐഷിക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ഡൽഹി പട്യാല ഹൗസ് കോടതി റദ്ദാക്കി.

കഴിഞ്ഞ ദിവസം അറസ്റ്റ് തൽക്കാലത്തേക്ക് കോടതി സ്റ്റേ ചെയ്തിരുന്നു. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് അറസ്റ്റ് വാറണ്ട് റദ്ദാക്കിയത്. ബംഗാൾ ഭവനിലേക്ക്‌ നടത്തിയ മാർച്ചിന്റെ ഭാഗമായുള്ള കേസിൽ പട്യാല ഹ‍ൗസ്‌ കോടതി ഏപ്രിൽ 15ന്‌ പുറപ്പെടുവിച്ച വാറന്റിലാണ് അറസ്റ്റിന് നീക്കമുണ്ടായത്. ജന്തർ മന്തർ പ്രക്ഷോഭത്തിൽ ആരെയും വേട്ടയാടില്ല എന്ന ഉറപ്പുകൾ ലംഘിച്ച് ഡൽഹി പൊലീസ് തന്നെ പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ചെന്ന് ഐഷി ഘോഷ് കുറ്റപ്പെടുത്തിയിരുന്നു.

ഡൽഹി പൊലീസ് കഴിഞ്ഞ ദിവസം എ.കെ.ജി ഭവനിലേക്ക് അതിക്രമിച്ചു കയറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തിയത് വിവാദമായിരുന്നു. യൂനിഫോമും നെയിം പ്ലേറ്റും ഇല്ലാതെ സ്വകാര്യ വാഹനത്തിൽ എത്തിയ പൊലീസിനെ ജോൺ ബ്രിട്ടാസ് എം.പി ചോദ്യം ചെയ്യുകയും മടക്കി അയക്കുകയും ചെയ്കു. പിന്നാലെയാണ് പൊലീസിന്റെ അന്യായ നടപടിക്കെതിരെ ഐഷി ഘോഷ് കോടതിയെ സമീപിച്ചത്.

2021ൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ബംഗ ഭവനിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. അന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് അഞ്ച് വർഷത്തിനിപ്പുറം അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് നീക്കം നടത്തിയത്. ഈ കേസിൽ സമൻസിന് ഹാജരാകാത്തതിന് ഡൽഹി പട്യാല ഹൗസ് കോ‌ടതി 1000 രൂപ പിഴയും ചുമത്തി.

പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ ഒരു തരത്തിലുള്ള പ്രതികാര നടപടികളും ഉണ്ടാവില്ല എന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ മുമ്പ് പങ്കെടുത്ത സമരങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യാനുള്ള രാഷ്ട്രീയ നീക്കങ്ങളാണ് നടത്തി വരുന്നത്.

Tags:    
News Summary - Relief for Aishe Ghosh; Patiala court cancels non-bailable warrant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.