പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: 2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ടു. വീടുവീടാന്തരമുള്ള 'പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ' (എസ്.ഐ.ആർ) നടപടികൾ പൂർത്തിയായ ശേഷമാണ് കരട് പട്ടിക കമീഷൻ പ്രസിദ്ധീകരിച്ചത്. ആകെ 1.45 കോടി വോട്ടർമാരിൽ 47.7 ലക്ഷത്തിലധികം പേർ കരട് പട്ടികയിൽ നിന്ന് പുറത്തായി. അന്തിമ വോട്ടർ പട്ടിക നവംബർ 4ന് പ്രസിദ്ധീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് ഉൾപ്പെടുത്താൻ സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. തുടർന്ന് തിരുത്തലുകൾ വരുത്താനും പരാതികളും ആക്ഷേപങ്ങളും തീർപ്പാക്കാനായി ഒക്ടോബർ 29 വരെയും കമീഷൻ സമയം അനുവദിച്ചിട്ടുണ്ട്. ശേഷം നവംബർ 4ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധികരിക്കും.
2026 ജൂൺ 30 മുതൽ ഓഗസ്റ്റ് 17 വരെ നടന്ന വീടുവീടാന്തര സർവേയിൽ ഫോമുകൾ ശേഖരിക്കാൻ കഴിയാത്തവരെയാണ് പ്രധാനമായും പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്ന് കമീഷൻ അറിയിച്ചു. ഇവരെ സ്ഥലത്തില്ലാത്തവർ, താമസം മാറിയവർ, മരണപ്പെട്ടവർ, ഇരട്ട വോട്ടുള്ളവർ, മറ്റ് കാരണങ്ങളാൽ ഫോം നൽകാൻ സാധിക്കാത്തവർ എന്നീ വിഭാഗങ്ങളിലാണ് ഉൾപ്പെടുത്തിയത്. ഇതിൽ 97.5 ലക്ഷം പേരുടെ ഫോമുകൾ ഡിജിറ്റൈസ് ചെയ്‌തു.
കരട് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ഫോം 6 (Form 6) വഴി ആവശ്യമായ അനുബന്ധ രേഖകൾ (തിരിച്ചറിയൽ രേഖ, വിലാസം തെളിയിക്കുന്ന രേഖ തുടങ്ങിയവ) സഹിതം സെപ്റ്റംബർ 30 വരെ അപേക്ഷകൾ സമർപ്പിക്കാം. തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക പോർട്ടലായ voters.eci.gov.in വഴി പോളിങ് ബൂത്ത് തിരിച്ചുള്ള കരട് പട്ടിക പരിശോധിക്കാനും സ്വന്തം പേരുണ്ടോ എന്ന് ഉറപ്പുവരുത്താനും സൗകര്യമൊരുക്കിയിട്ടുണ്ട്. സമർപ്പിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച ശേഷം ഒക്ടോബർ 29 വരെ നോട്ടീസ് നൽകൽ, മറുപടി നൽകൽ തുടങ്ങിയ നടപടികൾ തുടരുമെന്ന് ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസർ (സി.ഇ.ഒ) അശോക് കുമാർ അറിയിച്ചു.
നിലവിലെ ഡൽഹി വോട്ടർമാരുടെ വിവരങ്ങൾ 2002ൽ നടന്ന സമഗ്ര പുതുക്കൽ രേഖകളുമായി ബന്ധിപ്പിക്കുന്ന പ്രക്രിയയും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. പേരുകളിലെ പൊരുത്തക്കേടുകൾ, വയസ്സിലെ വലിയ വ്യത്യാസങ്ങൾ തുടങ്ങിയവ കണ്ടെത്തിയാൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് കൂടുതൽ അന്വേഷണത്തിന് നോട്ടീസ് അയക്കാൻ അധികാരമുണ്ട്. ഡൽഹിയിലെ വലിയൊരു വിഭാഗം ജനങ്ങൾ കുടിയേറ്റക്കാരോ ജോലി സംബന്ധമായി താമസസ്ഥലം മാറ്റുന്നവരോ ആയതിനാൽ ഇത്രയും ഉയർന്ന അളവിൽ വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്തായത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ കാര്യമായി സ്വാധീനിച്ചേക്കാം. അതേസമയം, വാടകക്കാരുടെയും സ്ഥിരമായി താമസം മാറുന്നവരുടെയും പേരുകൾ വിട്ടുപോയിട്ടില്ലെന്ന് ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികളും രംഗത്തിറങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.