ജയ്പൂർ: രാജസ്ഥാൻ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായ സഞ്ജീവ് പ്രകാശ് ശർമ്മക്കെതിരെ അഭിഭാഷകരുടെ പ്രതിഷേധം. അഭിഭാഷകർ ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമ്മക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന വീഡിയോയും പുറത്തുവന്നു.ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമ്മ അധികാര ദുർവിനിയോഗം നടത്തുന്നുവെന്നും പണക്കാരായ കക്ഷികൾക്ക് അനുകൂലമായി കേസ് ലിസ്റ്റിങ് അട്ടിമറിക്കുകയാണെന്നും ആരോപിച്ച് സുപ്രീം കോടതി ജസ്റ്റിസ് സന്ദീപ് മേത്ത ചീഫ് ജസ്റ്റിസ് സൂര്യ കാന്റിന് കത്തയച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ശർമ്മക്കെതിരെ അഭിഭാഷകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജസ്റ്റിസ് ശർമ്മക്കെതിരായ പരാതി കൊളീജിയം പരിശോധിക്കുകയാണെന്നും നടപടിയെടുക്കുന്നതിന് മുമ്പ് അദ്ദേഹത്തിൽ നിന്ന് വിശദീകരണം തേടുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നേരത്തെ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ജസ്റ്റിസ് ശർമ്മയെ ഉടൻ സ്ഥാനത്തുനിന്ന് മാറ്റണമെന്നും പകരം മറ്റൊരു സംസ്ഥാനത്തുനിന്നുള്ള ചീഫ് ജസ്റ്റിസിനെ നിയമിക്കണമെന്നും ജസ്റ്റിസ് സന്ദീപ് മേത്ത ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ശർമ്മയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് 2, 10, 17 തീയതികളിലായി മൂന്ന് കത്തുകളാണ് ജസ്റ്റിസ് സന്ദീപ് മേത്ത ചീഫ് ജസ്റ്റിസിന് നൽകിയിട്ടുള്ളത്. ഭരണപരമായ കെടുകാര്യസ്ഥത, അഴിമതി, സ്വജനപക്ഷപാതം, മാസ്റ്റർ ഓഫ് റോസ്റ്റർ എന്ന നിലയിലുള്ള തന്റെ അധികാരങ്ങൾ ഉപയോഗിച്ച് താൽപ്പര്യമുള്ള കേസുകൾ സ്വന്തം ബെഞ്ചിലേക്ക് മാറ്റൽ അടക്കമുള്ള ആരോപണങ്ങൾ കത്തിൽ ജസ്റ്റിസ് മേത്ത ഉന്നയിച്ചിരുന്നു.
മറ്റ് ബെഞ്ചുകളിലേക്ക് ലിസ്റ്റ് ചെയ്തിരുന്ന പല കേസുകളും കൃത്യമായ ന്യായീകരണങ്ങളില്ലാതെ പെട്ടെന്ന് പിൻവലിക്കുകയും ജസ്റ്റിസ് ശർമ്മയുടെ ബെഞ്ചിലേക്ക് മാറ്റുകയും ചെയ്ത നിരവധി സംഭവങ്ങൾ താൻ നേരത്തെ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി ആഗസ്റ്റ് 2-ലെ കത്തിൽ ജസ്റ്റിസ് മേത്ത വ്യക്തമാക്കി. ജസ്റ്റിസ് ശർമ്മയുടെ ജുഡീഷ്യൽ പ്രവർത്തനങ്ങളെക്കുറിച്ച് തനിക്ക് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, അത് അദ്ദേഹത്തിനെതിരെ സംശയങ്ങൾ ഉയർത്തുന്നതാണെന്നും സുപ്രീം കോടതി ജഡ്ജി പറഞ്ഞു. ഉദയ്പൂരിലെ ഭൂമി കേസ്, മേഘ്‌രാജ് സിങ് എന്ന മൈനിങ് കേസ് തുടങ്ങിയ ഉദാഹരണങ്ങളും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
2016 നവംബറിലാണ് ജസ്റ്റിസ് ശർമ്മ രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. തുടർന്ന് 2022 ജനുവരിയിൽ അദ്ദേഹത്തെ പട്ന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി. ആരോഗ്യപരമായ കാരണങ്ങളാൽ രാജസ്ഥാനിലേക്ക് തന്നെ തിരികെ നിയമിക്കണമെന്ന് 2023-ൽ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതി കൊളീജിയം അംഗീകരിച്ചില്ല. പകരം അദ്ദേഹത്തെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റി. തുടർന്ന് 2025 മെയ് മാസത്തിലാണ് അദ്ദേഹത്തെ വീണ്ടും രാജസ്ഥാനിലേക്ക് ശുപാർശ ചെയ്തത്. കഴിഞ്ഞ 10 മാസത്തിലധികമായി ജസ്റ്റിസ് ശർമ്മയാണ് രാജസ്ഥാൻ ആക്ടിങ് ചീഫ് ജസ്റ്റിസായി പ്രവർത്തിക്കുന്നത്.
2011 മേയിലാണ് ജസ്റ്റിസ് മേത്ത രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിയായി നിയമിതനാകുന്നത്. തുടർന്ന് 2023 ഫെബ്രുവരിയിൽ ഗുവഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസായ അദ്ദേഹം, അതേ വർഷം നവംബറിലാണ് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.