ന്യൂഡല്‍ഹി: തപാല്‍ വകുപ്പിന്റെ രജിസ്റ്റേര്‍ഡ് പോസ്റ്റ് സേവനം 2025 സെപ്റ്റംബര്‍ ഒന്ന് മുതല്‍ നിര്‍ത്തലാക്കുന്നു. 50 വര്‍ഷത്തിലേറെ പഴക്കമുള്ള സേവനം സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കാനാണ് തീരുമാനം. ജോലി ഓഫറുകള്‍, നിയമ നോട്ടീസുകള്‍, സര്‍ക്കാര്‍ കത്തിടപാടുകള്‍ എന്നിവ അയക്കാനാണ് ഇവ വ്യാപകമായി ഉപയോഗിച്ചിരുന്നത്. വിശ്വാസ്യത, താങ്ങാവുന്ന നിരക്ക്, നിയമസാധുത എന്നിവ കൊണ്ടാണ് രജിസ്റ്റേര്‍ഡ് പോസ്റ്റ് ജനപ്രീതി നേടിയിരുന്നത്. രജിസ്റ്റേര്‍ഡ് പോസ്റ്റ് സേവനം മാത്രമാണ് തപാല്‍ വകുപ്പ് അവസാനിപ്പിക്കുന്നത്. പോസ്റ്റ് ബോക്‌സുകളുടെ സേവനം അവസാനിക്കുന്നില്ല.
സ്പീഡ് പോസ്റ്റിന് കീഴില്‍ സേവനങ്ങള്‍ ഏകീകരിച്ച് ട്രാക്കിങ് കൃത്യത, വേഗത, പ്രവര്‍ത്തനക്ഷമത എന്നിവ മെച്ചപ്പെടുത്താനാണ് തപാല്‍ വകുപ്പ് ലക്ഷ്യം വെക്കുന്നത്. 2011-12 ല്‍ 244.4 ദശലക്ഷം രജിസ്റ്റേര്‍ഡ് പോസറ്റുകള്‍ ഉണ്ടായിരുന്നത് 2019-20 ല്‍ 184.6 ദശലക്ഷമായി 25% കുറഞ്ഞു. ഡിജിറ്റല്‍ സേവനങ്ങളുടെ വ്യാപനവും സ്വകാര്യ കൊറിയര്‍, ഇ-കൊമേഴ്‌സ് ലോജിസ്റ്റിക്‌സ് സേവനങ്ങളുടെ മത്സരവും ഇതിന് കാരണമായെന്നാണ് വിലയിരുത്തല്‍.
ബാങ്കുകള്‍, സര്‍വകലാശാലകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ രജിസ്റ്റേര്‍ഡ് പോസ്റ്റുകളെ കൂടുതല്‍ ആശ്രയിച്ചിരുന്നു. സ്പീഡ് പോസ്റ്റിന്റെ ഉയര്‍ന്ന നിരക്ക് സ്ഥിരമായി രജിസ്റ്റേര്‍ഡ് പോസ്റ്റ് ഉപയോഗിച്ചിരുന്നവര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. രജിസ്റ്റേര്‍ഡ് പോസ്റ്റിന് 25.96 രൂപയും ഓരോ 20 ഗ്രാമിനും അഞ്ച് രൂപയുമായിരുന്നു നിരക്ക്. എന്നാല്‍ സ്പീഡ് പോസ്റ്റിന് 50 ഗ്രാമിന് 41 രൂപയാണ് നിരക്ക്. ഇത് 20-25% കൂടുതലാണ്. ഈ വില വര്‍ധന ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ തപാല്‍ സേവനങ്ങളെ ആശ്രയിക്കുന്ന ചെറുകിട വ്യാപാരികള്‍, കര്‍ഷകര്‍ എന്നിവരെ ബാധിച്ചേക്കും.
‘രജിസ്ട്രേഡ് പോസ്റ്റ്’ എന്ന് രേഖപ്പെടുത്തുന്നത് ഒഴിവാക്കുകയോ പകരം ‘സ്പീഡ് പോസ്റ്റ്’ എന്ന് രേഖപ്പെടുത്തുകയോ വേണം. മുന്നൊരുക്കം ഉടൻ പൂർത്തിയാക്കി ഈ മാസം 31നകം എല്ലാ വകുപ്പുകളും റിപ്പോർട്ട് അയക്കണമെന്നും ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (മെയിൽ ഓപറേഷൻസ്) ദുഷ്യന്ത് മുദ്ഗൽ നിർദേശിച്ചു. എല്ലാ വകുപ്പുകളും ഡയറക്ടറേറ്റുകളും നിലവിൽ അവരുടെ സംവിധാനം പുതിയ രീതിയിലേക്ക് മാറ്റാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.