ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് രംഗത്തെ ചൂഷണം തടയാന്‍ എല്ലാ സംസ്ഥാനങ്ങളിലും അടിയന്തരമായി റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പാര്‍പ്പിട പദ്ധതികള്‍ വൈകിയാല്‍ ഉപഭോക്താവിന് 12 ശതമാനം വരെ നഷ്ടപരിഹാരം നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ അതോറിറ്റി തീര്‍പ്പുകല്‍പിക്കണം. പാര്‍ലമെന്‍റ് പാസാക്കിയ റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ വികസന നിയമം നടപ്പാക്കുന്നതിന്‍െറ ഭാഗമായാണ് കേന്ദ്രത്തിന്‍െറ നിര്‍ദേശം. പാര്‍പ്പിട പദ്ധതികളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കുന്ന നിര്‍മാതാക്കള്‍ക്ക് ജയില്‍ശിക്ഷ വ്യവസ്ഥ ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ വികസന നിയമം. പുതിയ നിയമത്തിന്‍െറ ചട്ടങ്ങള്‍ തിങ്കളാഴ്ച പുറത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
എല്ലാ റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമാരും പുതുതായുണ്ടാക്കുന്ന അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. പാര്‍പ്പിട പദ്ധതികള്‍ക്ക് പ്രത്യേകം ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയും 70 ശതമാനം തുകയും അതില്‍ നിക്ഷേപിക്കുകയും വേണം.

ഈ മേഖലയുള്ള മുഴുവന്‍ പരാതികളും സ്വീകരിക്കാനുള്ള അവസാനത്തെ ആശ്രയമായി ഒരു അപ്പലേറ്റ് അതോറിറ്റിയും ഉണ്ടാകും. കേന്ദ്രത്തിന്‍െറ ചട്ടങ്ങള്‍ മാതൃകയായെടുക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ ആവശ്യത്തിനനുസൃതമായി മാറ്റങ്ങള്‍ വരുത്താമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലക്ഷദ്വീപ്, ചണ്ഡിഗഢ്, അന്തമാന്‍-നികോബാര്‍, ദാമന്‍-ദിയു, നാഗര്‍ഹവേലി എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലാണ് ആദ്യം ചട്ടങ്ങള്‍ നടപ്പില്‍ വരുത്തുക. ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു മാസത്തിനകം ചട്ടം നിലവില്‍വരും. അതിന് പിറകെ കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍  ചട്ടം നടപ്പാക്കുമെന്നും അതിനുള്ള പ്രക്രിയ പുരോഗമിക്കുകയാണെന്നും കേന്ദ്രം തുടര്‍ന്നു.  

നിയമം തിങ്കളാഴ്ച പ്രാബല്യത്തില്‍ വരുന്നതോടെ  ഭൂമി, അപ്പാര്‍ട്മെന്‍റ്, കെട്ടിടം എന്നിവയുടെ ക്രയവിക്രയങ്ങളെല്ലാം കൂടുതല്‍ സുതാര്യമായി മാറുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബില്‍പ്രകാരം ഭരണപരമായ എല്ലാ തരത്തിലുമുള്ള അനുമതിയും വാങ്ങിയശേഷമേ ഭവനസമുച്ചയങ്ങളുടെ പരസ്യം നല്‍കാന്‍ പാടുള്ളൂ. നിര്‍മാണപ്രവൃത്തി തുടങ്ങുംമുമ്പ് എല്ലാ ഓഫിസുകളില്‍നിന്നും ലഭിച്ച അനുമതിയുടെ സാക്ഷ്യപത്രങ്ങള്‍ അതോറിറ്റിക്ക് സമര്‍പ്പിക്കണം. അതോറിറ്റി അവ സ്വന്തം വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. 10 വര്‍ഷത്തിലധികം പാര്‍പ്പിട പദ്ധതികള്‍ വൈകുകയും ഫ്ളാറ്റുകള്‍ക്കും വീടുകള്‍ക്കും നല്‍കിയ തുക പലപ്പോഴും നഷ്ടപ്പെടുകയും ചെയ്യുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മുന്‍ യു.പി.എ സര്‍ക്കാര്‍ ഈ നിയമം ബില്ലായി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. എന്നാല്‍, അതില്‍ ചില ഭേദഗതികള്‍ വരുത്തിയാണ് മോദി സര്‍ക്കാര്‍ ബില്‍ നിയമമാക്കിയത്.

Tags:    
News Summary - real estate athority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.