പൊലീസിനെ വെട്ടിച്ച് ഡൽഹിയിൽ ഇടതു സംഘടനകളുടെ പ്രതിഷേധം; സംഘർഷം, നേതാക്കൾക്ക് ക്രൂരമർദ്ദനം
ന്യൂഡൽഹി: 'ജന്തർ മന്തർ 2.0' സമരം അടിച്ചമർത്താൻ ഡൽഹിയിലുടനീളം യുദ്ധസമാന സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടും ഡൽഹി പോലീസിന്റെ കണ്ണുവെട്ടിച്ച് ഡൽഹിയിൽ ഇടതു സംഘടനകളുടെ വൻ പ്രതിഷേധം. ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ടുനീങ്ങിയ പ്രതിഷേധക്കാരെ നേരിടാൻ പോലീസ് ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ നേതാക്കളടക്കം നിരവധി പേർക്ക് പരിക്കേറ്റു. സുർജിത് ഭവനിൽ നിന്ന് ഇടതു പ്രവർത്തകർ പ്രതിഷേധവുമായി ഇറങ്ങിയ സമരക്കാർ പോലീസ് ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ടുനീങ്ങുകയായിരുന്നു. അസാധാരണ സുരക്ഷാ സന്നാഹത്തെ വെട്ടിച്ച് ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ട് നീങ്ങി ബി.ജെ.പി. ദേശീയ ആസ്ഥാനമായ ദീൻദയാൽ ഉപാധ്യായ മാർഗിൽ എത്തിയതോടെ പോലീസ് അവരെ തടഞ്ഞു. ഇതോടെ ദീൻദയാൽ ഉപാധ്യായ മാർഗ് ഒരു സംഘർഷ ഭൂമിയായി.
എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ., സി.പി.എം., എ.ഐ.വൈ.എഫ്., എ.ഐ.എസ്.എഫ്. പ്രവർത്തകർ അണിനിരന്ന പ്രതിഷേധം പോലീസ് ബാരിക്കേഡുകൾ മറികടന്ന് മുന്നേറി. ദേശീയ നേതാക്കൾ അടക്കമുള്ളവരെ പോലീസ് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ചില നേതാക്കൾക്ക് പരിക്കേറ്റു. സമരത്തെ ആദ്യഘട്ടത്തിൽ പോലീസിന് തടയാനായില്ല. വേണ്ടത്ര പോലീസ് ഉദ്യോഗസ്ഥർ ഈ ഭാഗത്ത് ഉണ്ടായിരുന്നില്ല. പിന്നീട് ഈ ഭാഗത്തേക്ക് കൂടുതൽ പോലീസിനെ എത്തിക്കുകയായിരുന്നു.
വോട്ടർപട്ടിക ക്രമക്കേടിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന 'ജന്തർ മന്തർ 2.0' സമരത്തെ അടിച്ചമർത്തുന്ന വ്യാപകമായ നടപടിയാണ് ഡൽഹി പോലീസ് സ്വീകരിക്കുന്നത്. സി.ജെ.പി. നേതാവ് അഭിജിത് ദിപ്കെ അടക്കമുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയിരിക്കുകയാണ്. ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ ഡൽഹിയിൽ കാലുകുത്താൻ അനുവദിക്കാതെ വിമാനത്തിൽ കയറി പൊലിസ് കസ്റ്റഡിയിലെടുത്ത് തടങ്കൽ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി. യുദ്യൂബറും പൗരാവകാശ പ്രവർത്തകനുമായ ധ്രുവ് റാഠിയും കേരള മുൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം കേരളത്തിൽ നിന്നുള്ള സി.പി.എം നേതാക്കളും ഡൽഹി പൊലീസിന്‍റെ കസ്റ്റഡിയിലാണ്. നേതാക്കളെ തടങ്കൽ പാളയത്തിലേക്ക് നീക്കുകയും വൻ സുരക്ഷാ സന്നാഹം ക്രമീകരിക്കുകയും ചെയ്തിരുന്നതിനാൽ സി.ജെ.പി ആഹ്വാനം ചെയ്ത സമരം ജന്തർ മന്തറിൽ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.