ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണം: കോടതിയെ സമീപിച്ച് ഡൽഹി പൊലീസ്

ന്യൂഡൽഹി: വിദ്യാർത്ഥി ആക്ടിവിസ്റ്റ് ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് കോടതിയെ സമീപിച്ചു. സഹോദരന്റെ (കസിൻ) വിവാഹത്തിൽ പങ്കെടുക്കാനാണ് ഇമാമിന് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യ വ്യവസ്ഥകൾ ഇമാം ലംഘിച്ചുവെന്നാണ് ഡൽഹി പോലീസിന്റെ വാദം. ജാമ്യകാലയളവിൽ മാധ്യമങ്ങളോട് സംസാരിക്കാനോ വിവാഹച്ചടങ്ങുകളുമായി ബന്ധപ്പെട്ട സ്ഥലങ്ങളല്ലാതെ മറ്റ് ഇടങ്ങളിൽ സന്ദർശനം നടത്താനോ പാടില്ല എന്നതടക്കമുള്ള കർശന ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചിരുന്നത്.

എന്നാൽ, ഇടക്കാല ജാമ്യകാലയളവിൽ ഷർജീൽ ഇമാം മാധ്യമപ്രവർത്തകരുമായി സംവദിച്ചെന്നും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇമാം വിവാഹാഘോഷ പരിപാടിയിൽ പങ്കെടുത്തുള്ള യാത്രകൾ മാത്രമാണ് നടത്തിയതെന്ന് അഭിഭാഷകൻ അഹമ്മദ് ഇബ്രാഹീം അറിയിച്ചു.2020 ജനുവരി 28-നാണ് ഡൽഹി പോലീസ് ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സി.എ.എ) പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ വർഗീയ സംഘർഷത്തിന് പിന്നിൽ മറ്റ് ഗൂഢാലോചനക്കാരുമായി ചേർന്ന് ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് ഷർജീൽ ഇമാമാണെന്നാണ് പോലീസിന്റെ ആരോപണം.

വടക്കുകിഴക്കൻ ഡൽഹിയിൽ 2020 ഫെബ്രുവരി 23-ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് യു.എ.പി.എ. വ്യവസ്ഥകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. താഹിർ ഹുസൈൻ, ഉമർ ഖാലിദ്, ഖാലിദ് സൈഫി, ഇഷ്രത് ജഹാൻ, മീറാൻ ഹൈദർ, ഗുൽഫിഷ ഫാത്തിമ, ഷിഫാ-ഉർ-റഹ്മാൻ, ആസിഫ് ഇഖ്ബാൽ തൻഹ (2021-ൽ ജാമ്യം ലഭിച്ചു), ഷദാബ് അഹമ്മദ്, തസ്ലീം അഹമ്മദ്, സലീം മാലിക്, മുഹമ്മദ് സലീം ഖാൻ, അഥർ ഖാൻ, സഫൂറ സർഗർ (അറസ്റ്റിലായ സമയത്ത് ഗർഭിണിയായിരുന്നതിനാൽ മാനുഷിക പരിഗണനയിൽ ജാമ്യം ലഭിച്ചു), ഷർജീൽ ഇമാം, ഫൈസാൻ ഖാൻ, ദേവംഗന കളിത (ജാമ്യം ലഭിച്ചു), നതാഷ നർവാൾ (ജാമ്യം ലഭിച്ചു) എന്നിവരാണ് ഈ കേസിലെ മറ്റു പ്രതികൾ.

ഒക്ടോബർ 4 മുതൽ ഇന്നുവരെ (ഒക്ടോബർ 10 വരെ) ദിവസങ്ങളിലേക്ക് ഡൽഹി കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തെ തുടർന്നാണ് അദ്ദേഹം തിഹാർ ജയിലിൽ നിന്ന് മോചിതനായത്.

Tags:    
News Summary - Delhi Police move court to cancel Sharjeel Imams interim bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.