ഇത് അടിയന്തരാവസ്ഥയേക്കാൾ ഭയാനക സാഹചര്യം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: ഡൽഹിയിൽ കൊക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട് നഗരത്തിൽ ഏർപ്പെടുത്തിയ കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾക്കും നേതാക്കളുടെ അറസ്റ്റിനുമെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. രാജ്യം അടിയന്തരാവസ്ഥയേക്കാൾ മോശമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നിലവിൽ നാം ജീവിക്കുന്നത് പൂർണ ഏകാധിപത്യത്തിലാണെന്നും അദ്ദേഹം തുറന്നടിച്ചു.

പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ സി.ജെ.പി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ വിമാനത്തിൽ വെച്ചുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ നടപടി ചൂണ്ടിക്കാണിച്ചാണ് കെജ്‌രിവാൾ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

"ഇത് അടിയന്തരാവസ്ഥയേക്കാൾ ഭയാനകമാണ്. നാം ജീവിക്കുന്നത് മോദി ഭരണത്തിന് കീഴിലുള്ള പൂർണ ഏകാധിപത്യത്തിലാണെന്നത് ഔദ്യോഗികമായി തെളിഞ്ഞിരിക്കുകയാണ്. വിമാനമിറങ്ങിയ ഉടൻ നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് കേന്ദ്ര സർക്കാരിന്റെ കടുത്ത ഭയത്തെയാണ് കാണിക്കുന്നത്," കെജ്‌രിവാൾ എക്സിൽ കുറിച്ചു.

ഡൽഹിക്ക് പുറമെ പഞ്ചാബിലും എ.എ.പി പ്രതിഷേധങ്ങൾക്ക് നേരെ പോലീസ് നടപടിയുണ്ടായി. പഞ്ചാബിൽ നടന്ന പ്രതിഷേധത്തിനിടെ നീഷ് സിസോദിയ, ഹർപൽ സിങ് ചീമ, ഹർദീപ് സിങ് മുണ്ടിയൻ അടക്കം നൂറോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇതിനിടയിൽ, ഡൽഹിയിലെ അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് വെളിയിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കെജ്‌രിവാൾ വീട്ടിൽ കരുതൽ തടങ്കലിലാണെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വസതിക്ക് ചുറ്റും പോലീസ് കാവൽ ഏർപ്പെടുത്തിയതിന്റെ ദൃശ്യങ്ങൾ എ.എ.പി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെയും നടത്തുന്ന ഈ പോരാട്ടത്തിൽ നിന്നും പിന്നോട്ടില്ലെന്ന് എ.എ.പി നേതൃത്വം വ്യക്തമാക്കി.

Tags:    
News Summary - 'Worse than Emergency': Arvind Kejriwal Slams Centre Over CJP Leaders' Detention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.