ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ മേധാവി ഉമർ അഹ്മദ് ഇല്യാസി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം

‘മുസ്‍ലിംകളെ ഉപയോഗിക്കാൻ അനുവദിക്കരുത്’; ജന്തർ മന്തർ സമരം പൊളിക്കാൻ ‘കാവി മൗലാന’മാരും രംഗത്ത്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ജന്തർ മന്തറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് മുസ്‌ലിം സമൂഹത്തോട് ആഹ്വാനം ചെയ്ത് മതനേതാക്കൾ.

നേരത്തെ സംഘ്പരിവാർ ആഭിമുഖ്യം പുലർത്തിയതിന്റെ പേരിൽ ‘കാവി മൗലാന’മാരെന്ന് വിമർശനം നേരിട്ടവരാണ്, പ്രതിഷേധം തങ്ങളുടേതല്ലെന്നും രാഷ്ട്രീയ പാർട്ടികൾ മുസ്‌ലിംകളെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും പറഞ്ഞ് രംഗത്തെത്തിയത്.

പ്രതിഷേധത്തിൽ പങ്കെടുക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികൾ ആഹ്വാനം ചെയ്തിട്ടുണ്ടെന്നും, എന്നാൽ മുസ്‌ലിംകളും പള്ളികളിലെ ഇമാമുമാരും അതിൽനിന്ന് വിട്ടുനിൽക്കണമെന്ന് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ മേധാവി ഉമർ അഹ്മദ് ഇല്യാസി പറഞ്ഞു. വെള്ളിയാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഇല്യാസി അഭ്യർഥന നടത്തിയത്.

രാജ്യത്ത് നിലവിലുള്ള സാഹചര്യത്തിൽ സാമൂഹിക അന്തരീക്ഷം വഷളാക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും രാജ്യവിരുദ്ധ ശക്തികൾ സജീവമായിട്ടുണ്ടെന്നും ഇല്യാസി മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സമാധാനവും ഐക്യവും സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഇല്യാസിയുടെ അഭ്യർഥനയെ പിന്തുണച്ച് മൗലാന ചൗധരി ഇബ്രാഹിം ഹുസൈനും രംഗത്തെത്തിയിട്ടുണ്ട്. പരസ്പര സാഹോദര്യത്തിനും സമാധാനത്തിനും ക്രമസമാധാനത്തിനും ഭംഗം വരുത്തുന്ന പരിപാടികളിൽ ആരും പങ്കാളികളാകരുതെന്ന നിലപാടാണ് അദ്ദേഹം പ്രകടിപ്പിച്ചത്.

അതേസമയം, പ്രതിഷേധം നടത്തുന്നത് ഓരോ പൗരന്റെയും നിയമപരമായ അവകാശമാണെന്ന് ഓൾ ഇന്ത്യ മുസ്‌ലിം ജമാഅത്ത് ദേശീയ അധ്യക്ഷൻ മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്‌വി ബറേൽവി പറഞ്ഞു. ഡൽഹിയിലും ഉത്തർപ്രദേശിലെ വിവിധ ജില്ലകളിലുമുള്ള മുസ്‌ലിം യുവാക്കൾ സി.ജെ.പിയുടെ ജന്തർ മന്തർ പ്രതിഷേധത്തിൽനിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

പാർട്ടിയുടെ സമീപകാല പ്രതിഷേധത്തിനിടെ അക്രമസംഭവങ്ങൾ ഉണ്ടായതായും അതിൽ പങ്കെടുത്ത ചില മുസ്‌ലിംകൾ പിന്നീട് ബുദ്ധിമുട്ടുകൾ നേരിട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുമ്പോഴും അക്രമസാധ്യതകൾ കണക്കിലെടുത്ത് യുവാക്കൾ ജാഗ്രത പാലിക്കണമെന്നാണ് മതനേതാക്കൾ പറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.