സിനിമാക്കഥയെ വെല്ലുന്ന സ്നേഹസാഫല്യത്തിെൻറ മധുരിമയിൽ റാഷിദും നഇൗമയും
മുംബൈ: സിനിമാക്കഥയെ വെല്ലുന്ന സ്നേഹസാഫല്യത്തിെൻറ മധുരിമയിലാണ് അബ്ദുൽ റാഷിദ് ശൈഖും നഇൗമ നിയാസ് ശൈഖും. കുടുംബത്തിെൻറ താങ്ങും തണലുമേറ്റ് വളരേണ്ട പ്രായത്തിൽ രണ്ട് റെയിൽവേ സ്റ്റേഷനുകളിൽ ഉപേക്ഷിക്കപ്പെട്ട ഇരുവരും വ്യത്യസ്ത വഴിത്താരയിലൂടെ വളർന്ന് ജീവിത നൗകയിൽ ഒത്തുചേരുകയായിരുന്നു. ഇരുവരെയും മനപ്പൊരുത്തത്തിെൻറ ചരടിൽ കോർത്തത് യാദൃച്ഛികത. അതുകൊണ്ടുതന്നെ വിവാഹം വാർത്തയായി.
അഞ്ചാം വയസ്സിൽ പുണെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട അബ്ദുൽ റാഷിദ് കുട്ടികളുടെ അഭയകേന്ദ്രത്തിൽ എത്തപ്പെട്ടു. 10ാം ക്ലാസ് വിജയിച്ച ശേഷം ബെഡേക്കൾ കോളജിൽ പ്രവേശനം ലഭിച്ചതോടെയാണ് കഥയിലെ മറ്റൊരു വഴിത്തിരിവ്. കോളജ് പ്രിൻസിപ്പൽ സുചിത്ര നായികിന് ബാല്യകാല സംഭവങ്ങൾ കേട്ടപ്പോൾ മനസ്സലിഞ്ഞു. പിന്നെ റാഷിദിനെ കൊണ്ടുപോയത് തെൻറ വീട്ടിലേക്കാണ്. മൂന്നാമത്തെ മകനെപ്പോലെ അവർ റാഷിദിനെ വളർത്തി. ജനറൽ പോസ്റ്റ് ഒാഫിസിൽ േജാലി ലഭിച്ചതോടെ ഏതൊരു മാതാവിനെയും പോലെ ‘മകെൻറ’ വിവാഹത്തെക്കുറിച്ചായി ചിന്ത.
അൻജുമൻ ഇസ്ലാം യതീംഖാനയിലേക്ക് അവരെ എത്തിച്ചത് ദൈവത്തിെൻറ വിളിയായിരിക്കാം. അവിടെ റാഷിദിെൻറ അതേ പന്ഥാവിലൂടെ സഞ്ചരിച്ച നഇൗമ കാത്തിരിപ്പുണ്ടായിരുന്നു. 19 വർഷം മുമ്പ് മൂന്നാം വയസ്സിൽ നഇൗമയെ സഹോദരിക്കൊപ്പം മുംബൈ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചതായിരുന്നു. സുചിത്ര നായികിലൂടെ റാഷിദിെൻറ വിവാഹാന്വേഷണം എത്തിയപ്പോൾ യതീംഖാനയിലെ 200ഒാളം പേരിൽ നഇൗമക്ക് നറുക്കുവീഴാൻ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ലെന്ന് അൻജുമൻ ഇസ്ലാം പ്രസിഡൻറ് സഹീർ ഖാസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.