ഡോ. മൻമോഹൻ സിങ്

മൻമോഹൻ സിങ്ങിന് മരണാനന്തര ആശ്വാസം; കൽക്കരി കുംഭകോണ കേസ് തീർപ്പാക്കി ക്ലീൻചിറ്റ് ശരിവെച്ച് സുപ്രീം കോടതി

ന്യൂഡൽഹി: കൽക്കരി ബ്ലോക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് മരണാനന്തര ആശ്വാസം നൽകി സുപ്രീംകോടതി. കേസിൽ മൻമോഹൻ സിങ്ങിന് സി.ബി.ഐ നൽകിയ ക്ലീൻ ചിറ്റ് ശരിവെക്കുകയും അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ തക്കതായ തെളിവുകളോ കാരണങ്ങളോ ഇല്ലെന്ന് വ്യക്തമാക്കി നടപടികൾ പൂർണമായും അവസാനിപ്പിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് തള്ളിക്കൊണ്ട് ഉത്തരവിട്ടത്.

വ്യക്തിയുടെ മരണത്തോടെ കേസ് സ്വാഭാവികമായി ഇല്ലാതാവേണ്ടതാണെങ്കിലും വിചാരണക്കോടതിയുടെ മുൻ ഉത്തരവുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതി വിഷയം വിശദമായി പരിശോധിക്കുകയായിരുന്നു.

2014ൽ സി.ബി.ഐ സമർപ്പിച്ച രണ്ട് ക്ലോഷർ റിപ്പോർട്ടുകൾ തള്ളിക്കളയാനും മൻമോഹൻ സിങ്ങിനെതിരെ പ്രതികൂല നിരീക്ഷണങ്ങൾ നടത്താനും വിചാരണക്കോടതിക്ക് ന്യായം ഒന്നുമുണ്ടായിരുന്നില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അഴിമതി ആരോപണത്തിൽ വ്യക്തമായ തെളിവുകളില്ലെന്ന് കണ്ടെത്തിയാണ് വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് കേസ് അവസാനിപ്പിക്കാൻ സുപ്രീകോടതി തയാറായത്.

ഒഡീഷയിലെ തലാബിര-II കൽക്കരി ബ്ലോക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലാണ് 2014 ആഗസ്റ്റ് 27നും ഒക്ടോബർ 21നുമായി സി.ബി.ഐ രണ്ട് ക്ലോഷർ റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നത്. എന്നാൽ, സി.ബി.ഐയുടെ ശുപാർശ തള്ളിയ സ്പെഷൽ ജഡ്ജി, മുൻ പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാൻ ആവശ്യമായ അനുമതി ലഭിക്കുന്നതിന് മുമ്പുതന്നെ 2015 മാർച്ച് 11ന് അദ്ദേഹത്തിന് സമൻസ് അയക്കുകയായിരുന്നു.

മൻമോഹൻ സിങ്ങിന് പുറമെ വ്യവസായി കുമാർ മംഗളം ബിർള, മുൻ കൽക്കരി സെക്രട്ടറി പി.സി. പരീഖ് എന്നിവരടക്കം മറ്റ് മൂന്നുപേരെയും സ്പെഷൽ കോടതി പ്രതിചേർത്ത് സമൻസ് അയച്ചിരുന്നു. ഗൂഢാലോചന, വഞ്ചന, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ എന്നിവ ചുമത്തിയാണ് സമൻസ് അയച്ചിരുന്നത്. എന്നാൽ തുടർന്ന് സുപ്രീം കോടതി ഈ സമൻസ് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.

പൊതുപ്രവർത്തകർക്കെതിരെ പ്രൊസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിന് ആവശ്യമായ മുൻകൂർ അനുമതിയില്ലാതെയാണ് സമൻസ് അയച്ചതെന്നും, കൽക്കരി ബ്ലോക്ക് അനുവദിച്ചതിൽ യാതൊരുവിധ കുറ്റകൃത്യവും നടന്നിട്ടില്ലെന്നും കാണിച്ച് ജീവിച്ചിരിക്കുമ്പോൾ മൻമോഹൻ സിങ് നൽകിയ അപ്പീലിലാണ് ഇപ്പോൾ സുപ്രീം കോടതി അന്തിമ വിധി പ്രസ്താവിച്ചിരിക്കുന്നത്. അദ്ദേഹത്തിനുവേണ്ടി മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, എ.എം. സിങ്വി എന്നിവർ ഹാജരായി. 2024 ഡിസംബറിലായിരുന്നു മൻമോഹൻ സിങ് അന്തരിച്ചത്.

Tags:    
News Summary - Manmohan Singh gets posthumous relief; Supreme Court gives clean chit in coal scam case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.