ന്യൂഡൽഹി: 13കാരിയെ ബലാത്സംഗംചെയ്ത കേസിൽ രണ്ടു പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവ് ഡൽഹി ഹൈകോടതി റദ്ദാക്കി. 23 വർഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. മെഡിക്കൽ തെളിവുകൾ ഇരയുടെ മൊഴി ശരിവെക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
1997 മാർച്ചിൽ താൻ നേരിട്ട പീഡനത്തെക്കുറിച്ച് പെൺകുട്ടി വിചാരണകോടതിയിൽ വ്യക്തമാക്കുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തിരുന്നു. സാഹചര്യത്തെളിവുകൾ പരിശോധിക്കാതെയാണ് വിചാരണ കോടതി പ്രതികളെ വിട്ടയച്ചതെന്ന് ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുൽ, ഐ.എസ്. മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പ്രോസിക്യൂഷൻ നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതി ഉത്തരവ്.
കുറ്റക്കാരായ സുരേന്ദർ കുമാർ, രവീന്ദർ എന്നിവരെ കസ്റ്റഡിയിലെടുക്കാനും കോടതി നിർദേശിച്ചു. ഇവരുടെ ശിക്ഷ ഹൈകോടതി അടുത്തയാഴ്ച പ്രഖ്യാപിക്കും. സുരേന്ദറിനെതിരെ ബലാത്സംഗം നടത്തിയതിനും ഭീഷണിപ്പെടുത്തിയതിനും രവീന്ദറിനെതിരെ കുറ്റംചെയ്യാൻ പ്രേരിപ്പിച്ചതിനുമാണ് കേസ്.
പണം ലക്ഷ്യമിട്ട് തങ്ങളെ കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് വിചാരണ കോടതിയിൽ പ്രതികൾ വാദിച്ചത്. എന്നാൽ, ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ ഇവർക്കായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.