നടി രന്യ റാവു

നടി രന്യ റാവുവിന് 12 ഏക്കർ ഭൂമി അനുവദിച്ചു; വെട്ടിലായി ബി.ജെ.പി

ബംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന് 2023 ഫെബ്രുവരിയിൽ ഉരുക്ക് പ്ലാന്റ് സ്ഥാപിക്കാൻ 12 ഏക്കർ ഭൂമി അനുവദിച്ചതായി കണ്ടെത്തൽ. കർണാടക മുൻ സർക്കാറാണ് രന്യയുടെ കമ്പനിക്ക് ഭൂമി അനുവദിച്ചത്. നടിയുടെ സ്വർണക്കടത്തിൽ സിദ്ധരാമയ്യ സർക്കാറിലെ പ്രമുഖ മന്ത്രിക്ക് പങ്കുണ്ടെന്നും ഇതെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി കർണാടക പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര രംഗത്തുവന്നിരുന്നു. ഇതെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ വന്നതോടെ ബി.ജെ.പി തന്നെതാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്.

ഇതു സംബന്ധിച്ച  രേഖയും കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്റ് ബോർഡ് (കെ.ഐ.എ.ഡി.ബി)പുറത്തുവിട്ടു. തുമകുരുവിലെ സിറ വ്യവസായ മേഖലയിലാണ് രന്യ റാവുവിന് പങ്കാളിത്തമുള്ള കമ്പനിക്ക് ഭൂമി അനുവദിച്ചത്. രന്യക്ക് കർണാടക സർക്കാർ 12 ഏക്കർ അനുവദിച്ചുവെന്ന വാർത്തകൾ പുറത്തുവന്നതോടെ സംഭവത്തിന് രാഷ്ട്രീയമാനം കൈവന്നതോടെയാണ് വിശദീകരണവുമായി കെ.ഐ.എ.ഡി.ബി രംഗത്തുവന്നത്. 

കർണാടകയിൽ നിലവിലുള്ള കോൺഗ്രസ് സർക്കാറിൽ വ്യവസായ മന്ത്രി എം.ബി.പാട്ടീൽ നടിക്ക് ഭൂമി അനുവദിച്ചു എന്ന പ്രചാരണങ്ങൾക്കിടയിലാണ് രേഖ പുറത്തുവിട്ടത്. തുമകുരു ജില്ലയിലെ സിറ ഇൻഡസ്ട്രിയൽ ഏരിയയിൽ റന്യയുടെ സ്ഥാപനമായ ക്സിറോഡ ഇന്ത്യക്ക് ഭൂമി അനുവദിക്കാനുള്ള നിർദേശത്തിന് 2023 ജനുവരി രണ്ടിനാണ് ബോർഡ് അംഗീകാരം നൽകിയത്.അതേ ദിവസം നടന്ന 137-ാമത് സംസ്ഥാന തല ഏകജാലക ക്ലിയറൻസ് കമ്മിറ്റി യോഗം അനുമതി നൽകി. തുടർന്ന് ഭൂമി അനുവദിക്കുന്നത് സംബന്ധിച്ച് 2023 ഫെബ്രുവരി 22 നാണ് ബിജെപി സർക്കാർ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത്.

2023 മേയിൽ നടന്ന കർണാടക നിയമസഭ തെര​ഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തിയാണ് കോൺഗ്രസ് അധികാരത്തിൽ വന്നത്. രന്യയും സഹോദരനുമായിരുന്നു 2022ൽ രൂപീകരിച്ച കമ്പനിയുടെ ഡയറക്ടർമാർ.

ടി.എം.ടി കമ്പികൾ ഉൾപ്പെടെ നിർമിക്കാനുള്ള പ്ലാൻസ് സ്ഥാപിക്കാനാണ് കമ്പനി അപേക്ഷ നൽകിയത്. 138 കോടിയുടെ പദ്ധതിയിൽ 160 പേർക്ക് തൊഴിൽ നൽകുമെന്ന് കമ്പനി വാഗ്ദാനം നൽകിയിരുന്നു. തുടർന്ന് 2023 ജനുവരി രണ്ടാം തീയതി ചേര്‍ന്ന സംസ്ഥാന തല ഏകജാലക ക്ലിയറന്‍സ് കമ്മിറ്റി യോഗത്തിലാണ് കമ്പനിക്ക് ഭൂമി അനുവദിച്ചതെന്നും കെ.ഐ.എ.ഡി.ബി വ്യക്തമാക്കി. എന്നാൽ ഇതുവരെ അനുവദിച്ച ഭൂമിയിൽ കമ്പനി ഒരു പ്രവർത്തനവും തുടങ്ങിയിട്ടില്ല.

കർണാടക ഡി.ജി.പി കെ. രാമചന്ദ്രറാവുവിന്റെ രാമചന്ദ്ര റാവുവിന്റെ ഭാര്യക്ക് ആദ്യ ഭർത്താവിലുള്ള മകളാണ് രന്യ റാവു. കെ. രാമചന്ദ്രറാവു നിലവിൽ കർണാടക സ്റ്റേറ്റ് പൊലീസ് ഹൗസിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ ചെയർമാനും എം.ഡിയുമാണ്.

ദുബൈയിൽ നിന്ന് 14.2 കിലോ സ്വർണം കടത്തുന്നതിനിടെയാണ് രന്യയെ ഡി.ആർ.ഐ സംഘം കസ്റ്റഡിയിലെടുത്തത്. നടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടുകോടി രൂപയും സ്വർണാഭരണങ്ങളും കണ്ടെടുത്തു. ഡി.ആർ.ഐ കസ്റ്റഡി കാലാവധി കഴിഞ്ഞാലുടൻ രന്യയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - Ranya Rao allotted land to set up steel plant during previous regime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.