സുകേഷ്​ വൻകിട തട്ടിപ്പുകാരൻ; ജീവിതപങ്കാളി മലയാളി നടി

ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമീഷനിൽ ഉള്ളവരെ പാട്ടിലാക്കി രണ്ടില ചിഹ്നം സ്വന്തമാക്കാൻ ഇടനിലക്കാരനായി എ.െഎ.എ.ഡി.എം.കെയുടെ ഇപ്പോഴത്തെ മുടിചൂടാമന്നൻ ടി.ടി.വി. ദിനകരൻ നിയോഗിച്ചതായി പറയുന്ന ഇടനിലക്കാരൻ സുകേഷ് ചന്ദ്രശേഖരന് മലയാളി ബന്ധം. സുകേഷും ജീവിത പങ്കാളിയും നടിയുമായ ലീന മരിയ പോളും നിരവധി വഞ്ചനകേസുകളിൽ പ്രതിയാണ്. 2013 ജൂലൈയിൽ ലീനയേയും സുകേഷിനെയും ആഡംബര കാർ ഇറക്കുമതി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കോടികളുടെ തട്ടിപ്പു കേസും ഇവർക്കെതിരെയുണ്ട്. ബാലാജിയെന്നും ശേഖർ റെഡ്ഡിയെന്നുമൊക്കെ തരംപോലെ അറിയപ്പെടുന്ന സുകേഷിന് പ്രായം 27. ബംഗളൂരു സ്വദേശി. ഡി.എം.കെ നേതാവ് എം.കെ. അഴഗിരിയുടെ മകനാണെന്നു പറഞ്ഞുനടന്നു. െഎ.എ.എസുകാരനായും എം.പിയായുമൊക്കെ വിലസി.

അത്യാഡംബര ജീവിതം. തെക്കൻ ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് പിടികൂടുേമ്പാൾ കൈത്തണ്ടയിൽ കിടന്ന ബ്രേസ്ലെറ്റിനു മാത്രം ആറരക്കോടി വില വരുമെന്ന് പൊലീസ് പറയുന്നു. മുറിയിൽ കണ്ടെത്തിയ പലതരം ഷൂസുകൾക്ക് വിലയിട്ടത് ഏഴു ലക്ഷമാണ്. കണ്ടെടുത്തത് 1.3 കോടി രൂപയുടെ കറൻസി നോട്ടുകൾ. ഒാരോ മെഴ്സിഡസ്, ബി.എം.ഡബ്ല്യു കാറുകൾ പിടിച്ചെടുത്തിരുന്നു. എം.പിയുടെ വാഹനമാണെന്ന് അതിൽ രേഖപ്പെടുത്തിയിരുന്നു.
ബംഗളൂരുവിലും ചെന്നൈയിലുമായി 12 ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുകേഷ്. വഞ്ചന മുതൽ വ്യാജരേഖ ചമക്കൽ വരെയാണ് കേസുകൾ. ഡൽഹിയിൽ പല ഫാം ഹൗസുകൾ ഇയാൾക്ക് ഉണ്ടെന്നു പറയുന്നു. വിപുലമായ കണ്ണികൾ. ടി.ടി.വി. ദിനകരനുമായി നാലു വർഷത്തോളമായി അടുപ്പമുണ്ട്. 12ാം തരം കഴിഞ്ഞപ്പോൾ പഠിപ്പു നിർത്തി. അതിനു ശേഷം ഇടനിലക്കാരനായി രൂപാന്തരപ്പെട്ടു. സർക്കാർ ജീവനക്കാരും കരാറുകാരുമായുള്ള ഇടപാടുകൾ ഇയാൾ മുഖേന നടന്നുവന്നു. ഇടക്കാലത്ത് കേസിൽ പിടിക്കപ്പെട്ട് കുറച്ചു കാലം ജയിലിൽ കഴിഞ്ഞു.

വ്യാജ ഇൻഷുറൻസ് പോളിസികൾ വിറ്റ് 3,000 കോടി രൂപയുടെ ധനികനായി മാറിയെന്ന കഥയും സുകേഷിനെക്കുറിച്ച് പൊലീസ് പങ്കുവെക്കുന്നു. വ്യാജരേഖ കൊടുത്ത് തമിഴ്നാട്ടിൽ കനറ ബാങ്കിൽനിന്ന് 19 കോടി തട്ടിയതടക്കം നിരവധി വഞ്ചനകേസിൽ പ്രതി. ലീന മരിയ പോളിനൊപ്പം നടത്തിയ തട്ടിപ്പുകൾ പലതാണ്. മുമ്പ് ഡൽഹി ഫാം ഹൗസിൽ നിന്ന് ലീനയെ അറസ്റ്റു ചെയ്തപ്പോൾ, സുകേഷ് വെട്ടിച്ചു മുങ്ങി. പിന്നീട് കൊൽക്കത്തയിൽ നിന്ന് പിടികൂടി. വീണ്ടും ഇയാൾക്ക് നിർബാധം വിഹരിക്കാൻ കഴിഞ്ഞുവെന്നതും ശ്രദ്ധേയം.

Tags:    
News Summary - randila simbal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.