രാജ്വീന്ദർ സിങ് ഗോൾഡൻ
മലയാളം സംസാരിക്കുന്ന പഞ്ചാബികളെ 'പഞ്ചാബി ഹൗസ്', 'മല്ലു സിങ്' തുടങ്ങിയ സിനിമകളിൽ നമ്മൾ കണ്ടിട്ടുണ്ട്. കേന്ദ്ര സർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായി ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിലും സജീവമായി പങ്കെടുക്കുന്നുണ്ട് ഒര 'മല്ലുസിങ്'. മലയാളവും തമിഴും നന്നായി സംസാരിക്കാൻ അറിയുന്ന രാജ്വീന്ദർ സിങ് ഗോൾഡൻ.
രണ്ട് മാസമായി സമരരംഗത്തുണ്ട് രാജ്വീന്ദർ സിങ്. കേരള അതിർത്തിയിലെ വാളയാറിൽ നിന്ന് 12 കിലോമീറ്റർ മാത്രം അകലെയുള്ള മധുക്കരെയിലാണ് രാജ്വീന്ദർ സിങ് ജനിച്ചതും വളർന്നതും. കോയമ്പത്തൂരിനടുത്ത് പിതാവ് ട്രാൻസ്പോർട്ട് ബിസിനസ് നടത്തുകയായിരുന്നു അന്ന്. അവിടെയായിരുന്നു രാജ്വീന്ദറിന്റെ പഠനവും മറ്റും. അങ്ങിനെയാണ് മലയാളവും തമിഴും വഴങ്ങിയത്. പിതാവിന്‍റെ കമ്പനിയിലെ ഡ്രൈവർമാരോടും സഹപാഠികളോടും സംസാരിച്ച് രണ്ട് ഭാഷകളും മിനുക്കിയെടുത്തെന്നും രാജ്വീന്ദർ പറയുന്നു.
കൊവൈപുതൂരിലെ വി.എൽ.ബി ജാനകിയമ്മാൾ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലായിരുന്നു രാജ്വീന്ദറിന്റെ കോളജ് പഠനം. സൈക്കോളജിയിലാണ് അദ്ദേഹം ബിരുദമെടുത്തത്. പിന്നീട് ബിസിനസ് അമൃത്സറിലേക്ക് മാറ്റിയപ്പോൾ എല്ലാവരും പഞ്ചാബിലേക്ക് തിരികെ പോന്നു. ബൽദേവ് സിങ് സിർസ ലോക് ഭലായ് ഇൻസാഫ് വെൽഫെയർ സൊൈസറ്റിയുടെ സജീവ പ്രവർത്തകൻ കൂടിയാണ് രാജ്വീന്ദർ.
നവംബർ 25 മുതൽ ഡൽഹിയിൽ സമരരംഗത്തുണ്ട് അദ്ദേഹം. അതിന് മുമ്പ് രണ്ടുമാസം അമൃത്സറിൽ റിലയൻസിന്‍റെ ആൽഫ വൺ മാൾ (മാൾ ഓഫ് അമൃത്സർ) മുന്നിൽ നടന്ന സമരത്തിലും സജീവമായിരുന്നു. മാളിന്‍റെ പ്രവേശനകവാടത്തിൽ കർഷകർ നടത്തിയ പ്രക്ഷോഭം മാളിന്‍റെ അടച്ചിടലിൽ വരെ കലാശിച്ചിരുന്നുവെന്ന രാജ്വീന്ദർ പറയുന്നു.
ഡൽഹിയിൽ മാധ്യമ പ്രവർത്തകയായ ആഷ്ലിൻ മാത്യുവാണ് ഫേസ്ബുക്കിലൂടെ രാജ്വീന്ദർ സിങിനെ പരിചയപ്പെടുത്തിയത്. ആഷ്ലിന്റെ പോസ്റ്റും രാജ്വീന്ദർ സിങിന്‍റെ മലയാളം സംസാരവും കാണാം-
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.