രജൗരി ഗാർഡൻ വെടിവെപ്പിലെ പ്രതികളുൾപ്പെടെ മൂന്ന് ഗുണ്ടകളെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു

ന്യൂഡൽഹി: ഡൽഹി ക്രൈം ബ്രാഞ്ച് ഹരിയാന പൊലീസുമായി ചേർന്ന് നടത്തിയ ജോയിന്‍റ് ഓപ്പറേഷനിടെ ഗുണ്ടാസംഘത്തിലെ മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തി. രജൗരി ഗാർഡനിലെ ഭക്ഷണശാലയിൽ കഴിഞ്ഞ ദിവസം ഒരാളെ കൊലപ്പെടുത്തിയ സംഭവത്തിലെ രണ്ട് പ്രതികളും കൊല്ലപ്പെട്ടവരിലുൾപ്പെടും. ഹരിയാനയിലെ സോനെപത് ജില്ലയിലെ ഖാർഖോഡ ഗ്രാമത്തിനടുത്തുള്ള ചിനോലി റോഡിൽ പൊലീസും ഗുണ്ടാസംഘവും ഏറ്റുമുട്ടുകയായിരുന്നു. ആശിഷ്, സണ്ണി ഖരാദ്, വിക്കി റിധാന എന്നിവരാണ് കൊല്ലപ്പെട്ടത്.

ഗുണ്ടാസംഘത്തിലൊരാൾ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേരെ വെടിയുതിർത്തു. വെടിയുണ്ടയേൽക്കാതിരിക്കാനുള്ള കവചം ധരിച്ചതിനാൽ ഉദ്യോഗസ്ഥൻ പരിക്കേൽക്കാതെ രക്ഷപെട്ടു. സംസ്ഥാനത്തുടനീളം കൊള്ളയും മറ്റ് അക്രമങ്ങളും കുത്തനെ ഉയർന്നതിനെത്തുടർന്ന് ഹരിയാന പൊലീസ് ഗുണ്ടാസംഘങ്ങളെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ട മൂന്ന് പേരിൽ ആശിഷും വിക്കിയുമാണ് ഡൽഹി രജൗരി ഗാർഡൻ ഏരിയയിൽ നടന്ന വെടിവെപ്പിൽ ഉൾപ്പെട്ടവർ.

ജൂൺ 18ന് ഡൽഹിയിലെ ബർഗർ കിംഗ് ഔട്ട്‌ലെറ്റിൽ ഒരു സ്ത്രീക്കൊപ്പം ഇരിക്കുകയായിരുന്ന അമൻ ജൂണിനെ (26) ഇവർ വെടിവച്ചു കൊല്ലുകയായിരുന്നു. ഹണി ട്രാപ്പിന്‍റെ ഇരയായ അമനെ ബോധപൂർവം ഭക്ഷണശാലയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കേസ് ഡൽഹി പൊലീസിന്‍റെ പ്രത്യേക സെൽ അന്വേഷിക്കുകയാണ്.

Tags:    
News Summary - Rajouri Garden food outlet shooting case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.