ന്യൂഡൽഹി: 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താന് തക്കതായ തിരിച്ചടി നൽകുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പ്രതിരോധ മന്ത്രിയെന്ന നിലയിൽ തന്‍റെ ഉത്തരവാദിത്തമാണ് ഇന്ത്യയെ ആക്രമിക്കുന്നവർക്ക് ശക്തമായ തിരിച്ചടി നൽകുകയെന്നത്. അതിർത്തി കാക്കുന്ന സൈനികർക്ക് പൂർണ്ണ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ പ്രധാനമന്ത്രിയെ നിങ്ങള്‍ക്ക് നന്നായി അറിയാം, അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി, ദൃഢനിശ്ചയം എന്നിവ നിങ്ങള്‍ക്ക് പരിചിതമാണ്. മോദിയുടെ നേതൃത്വത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് തീര്‍ച്ചയായും സംഭവിക്കും - സംസ്‌കൃതി ജാഗരണ്‍ മഹോത്സവത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ പ്രതിരോധ മന്ത്രി പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ-പാക് ബന്ധം പൂർണമായും അറ്റിരിക്കുന്ന സാഹചര്യത്തിലാണ് വഷളായ സാഹചര്യത്തിലാണ് മന്ത്രിയുടെ വാക്കുകൾ. ഏറ്റവുമൊടുവിൽ പാകിസ്താനിൽ നിന്നുള്ള എല്ലാ ചരക്കുകളുടെയും ഇറക്കുമതി നിരോധിച്ച കേന്ദ്ര സർക്കാർ പാകിസ്താനുമായുള്ള കത്തുകളുടെയും പാർസലുകളുടെയും വിനിമയവും വിലക്കി.
പാക് കപ്പലുകള്‍ ഇന്ത്യയിലെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. ഇന്ത്യയുമായുള്ള എല്ലാ വ്യാപാരങ്ങളും പാകിസ്താൻ നിർത്തിവെച്ചിരിക്കുകയാണ്. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഈ തീരുമാനങ്ങൾ കൂടിയായതോടെ ഇന്ത്യ-പാക് ബന്ധം പൂർണമായും അറ്റു.
പാകിസ്താനില്‍ ഉൽപാദിപ്പിക്കുകയോ, അവിടെനിന്ന് കയറ്റി അയക്കുകയോ ചെയ്ത ചരക്കുകളുടെ നേരിട്ടും അല്ലാതെയുമുള്ള ഇറക്കുമതി തടയുകയാണെന്ന് വിജ്ഞാപനം വ്യക്തമാക്കി. ദേശസുരക്ഷയും പൊതുനയവും കണക്കിലെടുത്ത് കൈക്കൊണ്ട തീരുമാനമാണിതെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം തുടരുമെന്നും വിജ്ഞാപനത്തിലുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങാതെ ഇക്കാര്യത്തില്‍ ഒരു ഇളവും അനുവദിക്കില്ലെന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.