പ്രായപൂർത്തിയാകാത്ത ബലാത്സംഗ അതിജീവിതയുടെ ഗർഭം അലസിപ്പിക്കാൻ രാജസ്ഥാൻ ഹൈകോടതി അനുമതി

ജയ്പൂർ: ബലാത്സംഗത്തിന് ഇരയായ 13 വയസ്സുള്ള പെൺകുട്ടിയുടെ 26 ആഴ്ചക്ക് മേൽ പ്രായമായ ഭ്രൂണം ഗർഭഛിദ്രം ചെയ്യാൻ രാജസ്ഥാൻ ഹൈകോടതി അനുമതി നൽകി. ഗർഭം തുടർന്നാൽ കുട്ടി ഭാവിയിൽ കടുത്ത മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സുദേഷ് ബൻസലി അധ്യക്ഷനായ ബെഞ്ച് ഗർഭം തുടരുന്നതു മൂലം ഇരയുടെ ആരോഗ്യത്തിന് സംഭവിക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് ഊന്നിപ്പറഞ്ഞു. കുട്ടിയുടെ മാനസികവസ്ഥ പരിഗണിച്ചാണ് വിധി.

കേസിൽ ഹാജരായ അഭിഭാഷക സോണിയ ഷാൻഡില്യ, ജയ്പൂരിലെ സംഗനീരിലെ വനിതാ ആശുപത്രി സൂപ്രണ്ടിനോട് ഒരു മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിൽ ഗർഭഛിദ്രം നടത്താൻ സൗകര്യമൊരുക്കാൻ കോടതി നിർദ്ദേശിച്ചതായി വ്യക്തമാക്കി.

1971 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി (എം.ടി.പി) ആക്ട് പ്രകാരം, ബലാത്സംഗം മൂലമുണ്ടാകുന്ന ഗർഭം ഇരക്ക് ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ ഗർഭഛിദ്രം നിയമപരമായി അനുവദനീയമാണ്. സാധാരണയായി 24 ആഴ്ചക്കുള്ളിൽ ഗർഭഛിദ്രത്തിന് കോടതി അനുമതി ആവശ്യമില്ല. എന്നാൽ അതിനപ്പുറമുള്ള കേസുകളിൽ കോടതിയുടെ പ്രത്യേക അനുമതി നിർബന്ധമാണ്.

2024 ഡിസംബറിൽ, ഇത്തരം ഗർഭഛിദ്ര അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കണമെന്ന് രാജസ്ഥാൻ ഹൈകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിനെ നിർദ്ദേശിച്ചിരുന്നു.

കോടതി വാദം കേൾക്കുന്നതിനിടെ സൂപ്രീം കോടതി 28 ആഴ്ച കഴിഞ്ഞ ശേഷവും ഗർഭഛിദ്രത്തിന് അനുമതി നൽകിയ മുൻകാല കേസുകൾ പരാമർശിക്കപ്പെട്ടിരുന്നു. ഈ വിധി സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം മുൻനിർത്തിയുള്ള നിയമവ്യവസ്ഥകളുടെ ഭാഗമാണെന്നും, ഭാവിയിൽ ഇത്തരം സംഭവങ്ങൾക്ക് ഏകീകൃത മാർഗ്ഗനിർദ്ദേശങ്ങൾ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും നിയമവിദഗ്ധർ അഭിപ്രായപ്പെട്ടു

Tags:    
News Summary - Rajasthan High Court allows abortion of minor rape survivor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.