ജയ്പൂർ: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ യഥാർഥ വന്ദേമാതരത്തിന് പകരം സിനിമാറ്റിക് സംഗീതം പ്ലേ ചെയ്ത് സംഭവത്തിൽ പുലിവാൽ പിടിച്ച് രാജസ്ഥാൻ ബി.ജെ.പി. ജയ്പൂരിലെ ബഡി ചൗപഡിൽ ബി.ജെ.പി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ചടങ്ങിലാണ് സംഭവങ്ങൾ അരങ്ങേറിയിരുന്നത്. വിവാദമായതോടെ മാപ്പുപറച്ചിലും ഖേദപ്രകടനവുമായി ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷൻ മദൻ റാത്തോഡ് രംഗത്തെത്തി.
വളരെയധികം സാങ്കേതികവും മനുഷ്യസഹജവുമായ പിഴവാണ് ഞങ്ങളുടെ ഭാഗത്തുനിന്ന് വന്നതെന്നും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ മദൻ രാത്തോഡ് വ്യക്തമാക്കി.
ആഗസ്റ്റ് 15ന് നടന്ന ചടങ്ങിൽ മദൻ റാത്തോർ പതാക ഉയർത്തിയ ചടങ്ങിൽ യഥാർഥ ദേശീയഗീതത്തിന് പകരം ലതാ മങ്കേഷ്കർ പാടിയ ആനന്ദ് മഠ് എന്ന സിനിമ ഗാന പതിപ്പായിരുന്നു പ്ലേ ചെയ്തിരുന്നത്. മദൻ രാത്തോഡ് ദേശീയപതാക ഉയർത്തിയതിന് പിന്നാലെ വന്ദേമാതരത്തിന്റെ യഥാർത്ഥ രൂപം പ്ലേ ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ സൗണ്ട് സിസ്റ്റത്തിലൂടെ സിനിമയിലെ മറ്റൊരു ഈണത്തിലുള്ള വന്ദേമാതരം സംപ്രേഷണം ചെയ്യപ്പെടുകയായിരുന്നു. സംഘാടകർ ഉടൻതന്നെ പിഴവ് തിരുത്തിയെങ്കിലും ബി.ജെ.പിയ്ക്ക് സംഭവിച്ച അമളിയുടെ ദൃശ്യങ്ങൾ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.
ജയ്പൂർ എം.പി മഞ്ജു ശർമ്മ, എം.എൽ.എ ബാൽമുകുന്ദ് ആചാര്യ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത ചടങ്ങിലായിരുന്നു വീഴ്ച. സംഭവത്തിന് പിന്നാലെ ശബ്ദസംവിധാനം ഒരുക്കിയ ഏജൻസിക്ക് നഗരസഭ പിഴ ചുമത്തുകയും നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തിന് പിന്നാലെ രാഷ്ട്രീയ ലോക്തന്ത്രിക് പാർട്ടി (ആർ.എൽ.പി) അധ്യക്ഷനും നാഗൗർ എം.പിയുമായ ഹനുമാൻ ബെനിവാൾ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തി.
'ആദ്യം, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ പരിപാടിയിൽ, ദേശീയ ഗീതമായ 'വന്ദേമാതരം' തെറ്റായി ആലപിച്ചു. അതിനുശേഷം, നവാൽഗഡിൽ, ബി.ജെ.പി എം.എൽ.എയും ആക്ടിങ് സബ് ഡിവിഷനൽ ഓഫിസറും ചേര്‍ന്ന് ത്രിവർണ പതാക തലകീഴായി ഉയർത്തി. ഭരത്പൂരിൽ, പതാക ഉയർത്തിയതിന് ശേഷം മന്ത്രി സുരേഷ് റാവത്ത് ത്രിവർണ പതാകയെ സല്യൂട്ട് പോലും ചെയ്തില്ലെന്നും പറഞ്ഞ് ബി.ജെ.പി നേതാക്കളിൽനിന്ന് നിന്ന് സംഭവിച്ച പിഴവുകളെ ബെനിവാൾ രൂക്ഷമായി വിമർശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.