റെയിൽ ഭൂമി ചുളുവിലയ്ക്ക്: 35 വർഷത്തെ ദീർഘകാല പാട്ടം; ഭൂവിനിയോഗ വ്യവസ്ഥ ലളിതമാക്കി

ന്യൂഡൽഹി: റെയിൽവേ ഭൂമി ചുളുവിലയ്ക്ക് 35 വർഷത്തെ ദീർഘകാല പാട്ടത്തിന്. ചരക്കു കൈകാര്യം ചെയ്യുന്ന കാർഗോ ടെർമിനൽ മുതൽ ഓടയും റോഡും നിർമിക്കാൻ വരെ ഭൂമി പാട്ടത്തിന് നൽകും. കാർഗോ ടെർമിനലിന് വിട്ടുകൊടുക്കുന്ന ഭൂമിക്ക് നൽകേണ്ടത് പ്രതിവർഷം വിപണി വിലയുടെ ഒന്നര ശതമാനം മാത്രം.

പ്രധാനമന്ത്രിയുടെ പേരിലുള്ള ഗതിശക്തി പദ്ധതിയുടെ ഭാഗമായാണ് റെയിൽവേ ഭൂമി ദീർഘകാല പാട്ടത്തിന് വിട്ടുകൊടുക്കുന്നത്. നിലവിലെ അഞ്ചു വർഷ പാട്ട കരാർ രീതി ഇനിയില്ല. റെയിൽവേ ഭൂമി ഇപ്പോൾ കാർഗോ ടെർമിനലിന് ഉപയോഗപ്പെടുത്തുന്ന സ്ഥാപനങ്ങൾക്ക് പുതിയ നയ പ്രകാരം ഭൂമി ദീർഘകാല പാട്ടത്തിന് എടുക്കാം. അഞ്ചു വർഷം കൊണ്ട് രാജ്യത്ത് 300 കാർഗോ ടെർമിനൽ നിർമിക്കാൻ അവസരം നൽകുമെന്നും, ചരക്കു കടത്തിന് റെയിൽവേയെ കൂടുതലായി ആശ്രയിക്കുന്ന സാഹചര്യം ഒരുക്കാനാണ് പ്രധാനമായും ഉദ്ദേശിക്കുന്നതെന്നും സർക്കാർ വിശദീകരിച്ചു.

ലേലം വഴിയാണ് പാട്ടം. റെയിൽവേ ഭൂമിയുടെ ഉപയോഗ വ്യവസ്ഥകൾ ലളിതമാക്കും. വൈദ്യുതി, ഗ്യാസ്, ജലവിതരണം, അഴുക്കുചാൽ, നഗര ഗതാഗതം, മേൽപാലം, റോഡ്, പൈപ്ലൈൻ, ടെലികോം കേബിൾ, പ്രാദേശിക റെയിൽ ഗതാഗതം തുടങ്ങിയവയുമായി ബന്ധപ്പെട്ട സൗകര്യങ്ങൾക്ക് റെയിൽവേ ഭൂമി വിട്ടുകൊടുക്കും. ഇതിനും പ്രതിവർഷം ഒന്നര ശതമാനമാണ് പാട്ടത്തുക. റെയിൽവേ പാളം മുറിച്ചു കടക്കുന്ന ഒപ്ടിക്കൽ ഫൈബർ കേബിൾ ഇടാൻ അനുവദിക്കും. ഒറ്റത്തവണ ഫീസ് 1,000 രൂപ മാത്രം.

റെയിൽവേ ഭൂമിയിൽ സൗരോർജ പ്ലാന്‍റ് സ്ഥാപിക്കാം. പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതിയായും ആശുപത്രി, സ്കൂൾ തുടങ്ങിയവ ആരംഭിക്കാം. വിദ്യാഭ്യാസ, ചികിത്സ സൗകര്യങ്ങൾക്കു വേണ്ടിയാണെങ്കിൽ ഭൂമി വില ചതുരശ്ര മീറ്ററിന് ഒരു രൂപ. ഇതെല്ലാം വഴി 1.20 ലക്ഷം തൊഴിൽ സൃഷ്ടിക്കപ്പെടുമെന്നാണ് സർക്കാർ കണക്ക്. ഒപ്പം റെയിൽവേക്ക് കൂടുതൽ വരുമാനം. 90 ദിവസത്തിനകം സമഗ്ര നയരേഖ തയാറാക്കി നടപ്പാക്കും. സ്വകാര്യ ട്രെയിൻ പദ്ധതി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Rail land for cheap rate: 35 years long lease; Land use system simplified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.