'വോട്ട് ചോരി, സർക്കാർ ചോരി, ഇപ്പോൾ പാർട്ടി ചോരി': തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചതിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് (ടി.എം.സി) പാർട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർട്ടികളെ പിളർത്താൻ ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരുമിച്ച് പ്രവർത്തിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ശിവസേനക്കും എൻ.സി.പിക്കും സംഭവിച്ചതിന് സമാനമായ രീതിയാണ് ഇപ്പോൾ തൃണമൂൽ കോൺഗ്രസിനും നേരിടേണ്ടി വന്നിരിക്കുന്നതെന്ന് രാഹുൽ ചൂണ്ടിക്കാണിച്ചു. 'ആദ്യം ശിവസേന, പിന്നെ എൻ.സി.സി, ഇപ്പോൾ തൃണമൂൽ കോൺഗ്രസ്. എല്ലാതവണയും അതേ രീതി തന്നെ. ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമ്മീഷനും കൈകോർത്ത് ഒരു പാർട്ടിയെ പിളർത്തുന്നു, തുടർന്ന് അതിന്റെ തെരഞ്ഞെടുപ്പ് ചിഹ്നവും തട്ടിയെടുക്കുന്നു'- രാഹുൽ ഗാന്ധി പറഞ്ഞു.

ഒരു പാർട്ടിയെ മുഴുവൻ മോഷ്ടിക്കാൻ കഴിയുമെങ്കിൽ, കോടിക്കണക്കിന് ഇന്ത്യക്കാരുടെ വോട്ടുകളും മോഷ്ടിക്കപ്പെടാമെന്നതിൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ട് ചോരി, സർക്കാർ ചോരി, ഇപ്പോൾ പാർട്ടി ചോരി എന്നിവ രാജ്യത്തെ ജാധിപത്യ തകർച്ചയുടെ പ്രതീകങ്ങളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ജനവിധി സംരക്ഷിക്കുക എന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തം, എന്നാൽ അതിന് വിരുദ്ധമായി ജനവിധി അട്ടിമറിക്കുന്ന ശക്തികളെയാണ് കമ്മീഷൻ സഹായിക്കുന്നത്. മമത ബാനർജിയുടെ മാത്രം പോരാട്ടമല്ല ഇതെന്നും, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്ന ഓരോ രാഷ്ട്രീയ പാർട്ടിയുടെയും ഓരോ വോട്ടറുടെയും പോരാട്ടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

മമത ബാനർജി, അരുപ് റോയ് എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗങ്ങൾ തമ്മിലുള്ള പിളർപ്പ് സ്ഥിരീകരിച്ചതിനെ തുടർന്ന്, തൃണമൂൽ കോൺഗ്രസിന്റെ പേരോ ചിഹ്നമോ രണ്ട് വിഭാഗങ്ങൾക്കും ഉപയോഗിക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. തർക്കം അന്തിമമായി പരിഹരിക്കുന്നതുവരെ ഇരുവിഭാഗങ്ങളും പുതിയ പേരുകളിലും കമ്മീഷൻ അനുവദിക്കുന്ന വ്യത്യസ്ത ചിഹ്നങ്ങളിലുമായിരിക്കും ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുക.

Tags:    
News Summary - 'BJP and EC join forces to split party': Rahul Gandhi slams EC over TMC name, symbol freeze

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.