പ്രവതി പരിധ
സ്വന്തംനാട്ടിൽ തന്നെ തൊഴിൽ; കേരളത്തിലുള്ള തൊഴിലാളികളെ തിരികെ വിളിക്കാൻ ഒഡീഷ
ഭുവനേശ്വർ: കേരളത്തിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ തൊഴിലെടുക്കുന്ന ഒഡീഷ സ്വദേശികളെ ഘട്ടംഘട്ടമായി തിരികെയെത്തിച്ച് അവർക്ക് നൈപുണ്യ പരിശീലനവും നാട്ടിൽ തന്നെ തൊഴിലും നൽകാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നു. തൊഴിലാളികളെ തിരികെ വിളിച്ച് അവർക്ക് നൈപുണ്യ പരിശീലനം നൽകുന്നത് പരിഗണനയിലാണെന്ന് ഒഡിഷ ഉപമുഖ്യമന്ത്രി പ്രവതി പരിധ പറഞ്ഞു. കേരളത്തിൽ നിന്നെത്തിയ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അവർ.
ഒഡീഷയിൽ കൂടുതൽ വസ്ത്രനിർമാണ ശാലകൾ തുടങ്ങും. തിരിച്ചെത്തുന്നവർക്ക് തൊഴിൽ നൽകും. ആവശ്യമുള്ളവർക്ക് വസ്ത്രനിർമാണത്തിൽ പരിശീലനം നൽകും. ഹൗസ് ബോട്ടുകളും ക്രൂസുകളും വരും. േഫ്ലാട്ടിങ് ഹോട്ടലുകൾ തുറക്കും. ടൂറിസം മേഖലയിലും ഒഡീഷ കൂടുതൽ നിക്ഷേപം നടത്തി തൊഴിൽ സൃഷ്ടിക്കുമെന്ന് ബി.ജെ.പി നേതാവ് കൂടിയായ പ്രവതി പരിധ പറഞ്ഞു.
കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള വ്യവസായികൾ വസ്ത്ര നിർമാണ ശാലകൾ ആരംഭിക്കാൻ താൽപര്യം അറിയിച്ചിട്ടുണ്ട്. അഞ്ചോ ആറോ ജില്ലകളെ ഇതിനായി തെരഞ്ഞെടുത്തു. ഇവിടങ്ങളിലാകും തിരിച്ചെത്തുന്നവർക്ക് ജോലി നൽകുകയെന്നും ഉപ മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ ബംഗാളിൽ നിന്നുള്ളവർ കഴിഞ്ഞാൽ 20 ലക്ഷത്തോളം പേർ ഒഡീഷയിൽ നിന്നാണ്. കേരളത്തിലെ ഗാർമെന്റ് വ്യവസായങ്ങളിലാണ് ഒഡീഷയിൽ നിന്നുള്ള കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്നത്. കേരളത്തിൽ എറണാകുളം ജില്ലയിലാണ് ഒഡീഷ സ്വദേശികൾ കൂടുതൽ. നിർമാണ മേഖല ഉൾപ്പെടെയുള്ള തൊഴിൽ രംഗങ്ങളിലാണ് ഇവർ ജോലി ചെയ്യുന്നത്. ഹോട്ടലുകളിലും കൃഷിയിടങ്ങളിലും തൊഴിലെടുക്കുന്നവരുമുണ്ട്.
ലഹരിയുടെ വേരറുക്കാനുള്ള കേരളത്തിന്റെ ഓപറേഷൻ തൂഫാൻ പദ്ധതിയുമായി ഒഡിഷ സഹകരിക്കും. പൊലീസിൽ നിന്ന് ഒരു നോഡൽ ഓഫിസറെ ഇതിനായി നിയമിച്ചിട്ടുണ്ട്. ലഹരിവേട്ടക്ക് ഒഡീഷയിൽ പ്രത്യേക സംഘമുണ്ട്. ഇക്കാര്യത്തിൽ കേരള പൊലീസുമായി സഹകരിക്കുമെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.