ഉമർ ഖാലിദ് ഡോക്യുമെന്ററി പ്രദർശനം; ഹൈദരാബാദ് ഐ.ഐ.ഐ.ടിക്ക് കർശന മുന്നറിയിപ്പുമായി സെൻസർ ബോർഡ്

ഹൈദരാബാദ്: ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഉമർ ഖാലിദിനെക്കുറിച്ച് നിർമിച്ച ഡോക്യുമെന്ററിയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി സെൻസർ ബോർഡ്. ഐ.ഐ.ഐ.ടി ഹൈദരാബാദിൽ സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്ന ഡോക്യുമെന്ററി പ്രദർശനത്തിനെതിരെയാണ് സി.ബി.എഫ്.സി രംഗത്തുവന്നത്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്ത ചിത്രങ്ങൾ പൊതുസ്ഥലത്തോ ക്യാമ്പസുകളിലോ പ്രദർശിപ്പിക്കുന്നത് സിനിമാറ്റോഗ്രാഫ് ആക്ടിന്റെ ലംഘനമാണെന്ന് ബോർഡ് വ്യക്തമാക്കി.

ചലച്ചിത്രകാരനായ ലലിത് വച്ചാനി സംവിധാനം ചെയ്ത “പ്രിസണർ നമ്പർ 626710 ഈസ് പ്രസന്റ്” (Prisoner No. 626710 is Present) ഡോക്യുമെന്ററിയാണ് വെള്ളിയാഴ്ച രാത്രി 8 മണിക്ക് ഐ.ഐ.ഐ.ടിയിലെ കെ.ആർ.ബി ഓഡിറ്റോറിയത്തിൽ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രദർശിപ്പിക്കാൻ നിശ്ചയിച്ചിരുന്നത്.

സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഒരു ഡോക്യുമെന്ററി ഫിലിം പൊതുസമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് സി.ബി.എഫ്.സി എക്സ് പോസ്റ്റിലൂടെ ചൂണ്ടിക്കാണിച്ചു. പ്രത്യേക ഇളവുകൾ നേടിയിട്ടില്ലെങ്കിൽ ഇത് സിനിമാറ്റോഗ്രാഫ് ആക്ടിന്റെ നഗ്നമായ ലംഘനമാണെന്നും, ഇക്കാര്യത്തിൽ ഐ.ഐ.ഐ.ടി അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടു. എന്നാൽ സംഭവത്തിൽ പ്രതികരിക്കാൻ ഐ.ഐ.ഐ.ടി അധികൃതർ തയാറായിട്ടില്ല.

ബംഗളൂരു നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ ഈ ഡോക്യുമെന്ററിയുടെ പ്രദർശനം നിശ്ചയിച്ചിരുന്നെങ്കിലും, എ.ബി.വി.പിയുടെ കടുത്ത എതിർപ്പിനെ തുടർന്ന് അത് മാറ്റിവെച്ചിരുന്നു. സെപ്റ്റംബർ 14-ന് രാഷ്ട്രീയ തടവുകാരുടെ ദിനത്തോടനുബന്ധിച്ചാണ് എൻ.എൽ.എസ്.ഐ.യുവിൽ പ്രദർശനം സംഘടിപ്പിച്ചത്. ക്യാമ്പസ് രാഷ്ട്രീയ അജണ്ടക്കായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് എ.ബി.വി.പി രംഗത്തു വരികയും പ്രതിഷേധം ശക്തമാവുകയും ചെയ്തിനെ തുടർന്നാണ് പ്രദർശനം നിർത്തിവെച്ചത്.

 ഡൽഹി കലാക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 2020 സെപ്റ്റംബറിലാണ് ജെ.എൻ.യു മുൻ ഗവേഷക വിദ്യാർഥിയായ ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. യു.എ.പി.എ ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തപ്പെട്ട അദ്ദേഹം ഇതുവരെ ജയിൽ മോചിതനായിട്ടില്ല. ഉമർ ഖാലിദിന്റെ ആറ് വർഷത്തെ ജയിൽവാസവും രാഷ്ട്രീയ തടവുകാരുടെ സ്ഥിതിഗതികളും കേന്ദ്രീകരിച്ചാണ് ലലിത് വച്ചാനി ഈ ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. 

Tags:    
News Summary - CBFC flags screening of Umar Khalid documentary at IIIT-Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.