ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേടിച്ച് നായയും പൂച്ചയും പാമ്പും കീരിയും വരെ ഒന്നിക്കുന്നു എന്ന അമിത് ഷായുടെ പരാമർശത്തിന് മറുപടിയുമായി രാഹുൽ. എതിരാളികളെയെല്ലാം മൃഗങ്ങളെന്ന് ആക്ഷേപിക്കുന്ന അമിത് ഷായുടെയും ബി.ജെ.പി-ആർ.എസ്.എസിെൻറയും കാഴ്ചപ്പാടിൽ ഇവിടെ മനുഷ്യരായി മോദിയും അമിത് ഷായും മാത്രമാണുള്ളതെന്ന് കോൺഗ്രസ് അധ്യക്ഷൻ പരിഹസിച്ചു. കോലാറിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിരാളികളെ മൃഗങ്ങളോട് ഉപമിക്കുന്ന അമിത് ഷായുടെ സംസ്കാരമില്ലാത്ത പ്രസ്താവന അദ്ദേഹത്തിെൻറ മാനസികനിലയാണ് വെളിപ്പെടുത്തുന്നത്. രാജ്യത്ത് തങ്ങൾ രണ്ടു മൂന്നുപേർ ഒഴികെ ബാക്കിയുള്ളവരെല്ലാം വിലകുറഞ്ഞവരാണെന്നും തങ്ങളാണ് എല്ലാം മനസ്സിലാക്കുന്നതെന്നും കരുതുന്ന മാനസിക നിലയുടെ പ്രതിഫലനമാണത്. ആദിവാസികളും ദലിതരും ന്യൂനപക്ഷങ്ങളും അമിത് ഷായുടെ കണ്ണിൽ വിലയില്ലാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആറാം തവണയും കർണാടകയിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ശനിയാഴ്ച കോലാർ ജില്ലയിലാണ് പര്യടനം നടത്തിയത്. ഞായറാഴ്ച വൈകീട്ട് ബംഗളൂരുവിൽ നടക്കുന്ന മെഗാറാലിയോടെ കോൺഗ്രസിെൻറ പ്രചാരണജാഥയായ ജനാശീർവാദ യാത്രക്ക് സമാപനമാവും. 25 ജില്ലകളിലാണ് രാഹുൽ ഗാന്ധിയുടെ പര്യടനം അരങ്ങേറിയത്.
കോലാർ ഗോൾഡ് ഫീൽഡ് മേഖലയിൽനിന്നാരംഭിച്ച പ്രചാരണത്തിനിടെ 12ാം നൂറ്റാണ്ടിലെ സൂഫിവര്യനായിരുന്ന സയ്യിദ് ഷാ ബാബ ഹൈദർ ഒൗലിയ ഹുസൈനി സുഹർവർദിയുടെ ഖബറിടം സ്ഥിതിചെയ്യുന്ന ഹൈദർ വാലി ദർഗ, കുരുടുമലെ ഗണപതി ക്ഷേത്രം തുടങ്ങിയവ രാഹുൽ സന്ദർശിച്ചു.
രാത്രി എേട്ടാടെ വൊക്കലിഗ സമുദായത്തിെൻറ പ്രധാന മഠമായ ആദിചുഞ്ചനഗിരിയിലെ മഠാധിപതി നിർമലാനന്ദനാഥ മഹാസ്വാമിജിയെയും സന്ദർശിച്ചു. രാഹുലിനെ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.പി.സി.സി പ്രസിഡൻറ് ജി. പരമേശ്വര തുടങ്ങിയ നേതാക്കളും അനുഗമിച്ചു.
ഞായാഴ്ച രാവിലെ ശുചീകരണ തൊഴിലാളികളുമായുള്ള സംവാദത്തോടെ പ്രചാരണത്തിന് തുടക്കം കുറിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.