‘ഓരോ കേസും എന്റെ നെഞ്ചിലെ മെഡലുകള്‍ പോലെ’; ശുദ്ധികലശ വിവാദത്തില്‍ കേസെടുത്തതില്‍ രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ‘ശുദ്ധികലശ വിവാദ’വുമായി ബന്ധപ്പെട്ട പരാമർശത്തിൽ കേസെടുത്തതിൽ പ്രതികരണവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തനിക്കെതിരെ എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും ഭയപ്പെടില്ലെന്നും കേസുകൾ തന്റെ നെഞ്ചിലെ മെഡലുകൾ പോലെയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെയായിരുന്നു പ്രതികരണം.

‘കേസുകള്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ടേയിരിക്കൂ, മെഡലുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. എനിക്കെതിരായ എല്ലാ കേസുകളും എന്റെ നെഞ്ചിലെ മെഡലുകളാണ്’ -രാഹുല്‍ ഗാന്ധി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ദലിതരെക്കുറിച്ചുള്ള തന്റെ പ്രസംഗങ്ങളുടെയും തനിക്കെതിരായ കേസുകളുടെയും ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോയും രാഹുൽ ഗാന്ധി പങ്കുവെച്ചു. ദലിതര്‍ക്കെതിരെ ജാതി അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഉത്തരാഖണ്ഡ് പൊലീസ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിച്ച വേദി ശുദ്ധികലശം ചെയ്ത വിഷയത്തില്‍ രാഹുൽ ഗാന്ധി ജാതീയ പരാമർശം നടത്തിയെന്നാരോപിച്ചാണ് അദ്ദേഹത്തിനെതിരെ എസ്‌.സി, എസ്.ടി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അപമാനിച്ച് ശുദ്ധികലശം നടത്തിയ വിഷയത്തിനെതിരെ രാഹുല്‍ ഗാന്ധിയുടെ പരാമർശത്തിൽ അമിത് കുമാര്‍ എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ ജാതിയെ സൂചിപ്പിക്കുന്നതും ദലിതരെ അപമാനിക്കുന്നതുമാണെന്ന് ആരോപിച്ചാണ് പരാതി.

Full View

അതേസമയം, ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് നടന്ന ശുദ്ധികലശ ചടങ്ങിനെതിരെ പൊലീസ് നടപടി ആരംഭിച്ചിട്ടില്ല. എന്നാൽ, ആഗസ്റ്റ് 29ന് മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ച് രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശങ്ങൾ ജാതിയെ സൂചിപ്പിക്കുന്നതും ദലിതരെ അപമാനിക്കുന്നതുമാണെന്ന് ആരോപിച്ച് അമിത് കുമാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. ആഗസ്റ്റ് 30നാണ് ഹൽദ്വാനി സിറ്റി കോട്വാലി പൊലീസ് രാഹുൽ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ പട്ടികജാതി വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം. ശനിയാഴ്ച രാഹുൽ ഗാന്ധി ‘ശുദ്ധികലശ’ത്തെ തൊട്ടുകൂടായ്മയുടെ മറ്റൊരു രൂപമെന്ന് വിശേഷിപ്പിക്കുകയും സംഭവത്തിൽ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമായ ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ഹൽദ്വാനിയിൽ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിച്ച വേദി ‘ശുദ്ധികലശ’ ചടങ്ങ് നടത്തിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ശുദ്ധികലശത്തിനെതിരെയും രാഹുൽ ഗാന്ധിക്കെതിരായ എഫ്.ഐ.ആറിനെതിരെയും രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ദലിത് വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ ഭരണകൂട സംവിധാനങ്ങൾ ഉപയോഗിച്ച് ലക്ഷ്യമിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഖാർഗെയെ അപമാനിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തത് വിരോധാഭാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തെ ബി.ജെ.പി ന്യായീകരിക്കുകയാണെന്നും വേണുഗോപാൽ ആരോപിച്ചു. ഇത്തരം നടപടികൾ ഭരണഘടന ഉറപ്പുനൽകുന്ന സാമൂഹികനീതിയുടെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും കോൺഗ്രസ് ഇതിനെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഖാർഗെയെ അപമാനിച്ച സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുകയും രാഹുൽ ഗാന്ധിക്കെതിരായ എഫ്.ഐ.ആർ പിൻവലിക്കുകയും ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Rahul Gandhi on FIR Cases Like Medals on My Chest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.