നാഷനൽ ഹെറാൾഡ് കേസ്: രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി

ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി. ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഗാന്ധി കുടുംബമുൾപ്പെടെ ആറുപേർക്കെതിരെ സമർപ്പിച്ച എഫ്.ഐ.ആറിന്റെ ഭാഗമായാണിത്.

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആവശ്യപ്പെട്ടത് പ്രകാരം കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ഓവർസീസ് കോൺഗ്രസ് നേതാവ് സാം പിത്രോഡ എന്നിവർക്കെതിരെ നാഷനൽ ഹെറാൾഡ് കേസിൽ ഡൽഹി പൊലീസ് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ക്രിമിനൽ ഗൂഢാലോചനക്കുറ്റമടക്കം ചുമത്തി ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഒക്ടോബർ മൂന്നിന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ വിവരങ്ങൾ പാർലമെന്റ് സമ്മേളനത്തിന്റെ തലേന്നാളാണ് പുറത്തുവിടുന്നത്.

ഇന്ത്യൻ ശിക്ഷാനിയമം 120 ബി, 403, 406, 420 എന്നിവ പ്രകാരം ക്രിമിനൽ ഗൂഢാലോചന, അനധികൃത സ്വത്ത് സമ്പാദനം, വിശ്വാസ വഞ്ചന, വഞ്ചനാ കുറ്റം എന്നീ കുറ്റങ്ങൾ ചുമത്തിയ എഫ്.ഐ.ആറിൽ സോണിയക്കും രാഹുലിനും പുറമെ സാം പിത്രോഡ, സുമൻ ദുബെ, യങ് ഇന്ത്യൻ, ഡോറ്റെക്സ് മർച്ചൻഡൈസ് ലിമിറ്റഡ്, ഡോറ്റെക്സ് പ്രമോട്ടർ സുനിൽ ഭണ്ഡാരി, അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് തുടങ്ങിയ കക്ഷികളെയും പ്രതിചേർത്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉപദ്രവത്തിന്റെയും ഭയപ്പെടുത്തലിന്റെയും പ്രതികാരത്തിന്റെയും രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. എന്നാൽ, സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ പ്രതികാര രാഷ്ട്രീയമാണ് തങ്ങൾ കളിക്കുന്നതെന്ന കോൺഗ്രസിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി പ്രതികരിച്ചു. നാഷനൽ ഹെറാൾഡ് കേസ് സ്വകാര്യ പരാതിയായി രജിസ്റ്റർ ചെയ്യുമ്പോൾ പ്രധാനമന്ത്രി സ്ഥാനത്ത് മോദി ഉണ്ടായിരുന്നില്ല എന്ന് മുൻ കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. 2008ലെ കേസാണിത്, കേവലം 50 ലക്ഷം രൂപ നൽകി നാഷനൽ ഹെറാൾഡ് പ്രസാധനം നടത്തിയിരുന്ന അസോസിയേറ്റ് ജേണൽ ലിമിറ്റഡ് കമ്പനിയുടെ മുഴുവൻ ഷെയറുകളും യങ് ഇന്ത്യൻ എന്ന പുതിയ കമ്പനിയിലേക്ക് മാറ്റുകയാണ് ചെയ്തത്.

അതിൽതന്നെ 76 ശതമാനം ഷെയറുകളും സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പേരിൽ ആക്കിയെന്നും അങ്ങനെ ഇരുവരും ഡൽഹിയിലും മുംബൈയിലും ലഖ്നോവിലും അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള നാഷനൽ ഹെറാൾഡിന്റെ കോടിക്കണക്കിന് രൂപ വില വരുന്ന സ്വത്തുക്കളുടെ ഉടമസ്ഥരായെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു.

Tags:    
News Summary - Rahul Gandhi, Mother Sonia Charged With Criminal Conspiracy In National Herald Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.