ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എ.എ.പി കൺവീനറും ഡൽഹി മുൻമുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും തമ്മിൽ വാക്പോര്. കെജ്രിവാളിനെ ‘മദ്യ അഴിമതിയുടെ ശിൽപി’യെന്ന് വിശേഷിപ്പിച്ച രാഹുൽ, ബി.ജെ.പി ഉയർത്തിയ ശീഷ്മഹൽ വിവാദവും ചൂണ്ടിക്കാണിച്ചു. പിന്നാലെ ഇതിനു മറുപടിയുമായെത്തിയ കെജ്രിവാൾ, ബി.ജെ.പിയുടെ പ്രസംഗം രാഹുൽ ആവർത്തിക്കുകയാണെന്നും ഇരു പാർട്ടികളും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് ആരോപിക്കുകയും ചെയ്തു.
പത്പർഗഞ്ചിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുലിന്റെ പരാമർശം. “അധികാരത്തിൽ വരുമ്പോൾ കെജ്രിവാളിന് സ്വന്തമായുണ്ടായിരുന്നത് ഒരു കുഞ്ഞു കാറായിരുന്നു. പുതിയ തരം രാഷ്ട്രീയത്തിന് അദ്ദേഹം തുടക്കമിട്ടു. വൈദ്യുത തൂണിനു മുകളിൽ കയറി ഡൽഹിയെ മാറ്റുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. എന്നാൽ ഡൽഹിയിലെ പാവങ്ങൾക്ക് ആവശ്യമുള്ളപ്പോൾ അദ്ദേഹത്തെ ലഭിക്കുന്നില്ല. ഡൽഹിയിൽ കലാപമുണ്ടായപ്പോൾ അദ്ദേഹത്തെ എവിടെയും കണ്ടില്ല.
ശുദ്ധ രാഷ്ട്രീയത്തെ കുറിച്ച് അദ്ദേഹം സംസാരിക്കും, പക്ഷേ ഡൽഹിയിൽ നടന്നത് വലിയ മദ്യ അഴിമതിയാണ്. എന്നെ ഔദ്യോഗിക വസതിയിൽനിന്ന് മോദി പുറത്താക്കി. എന്നാൽ കെജ്രിവാൾ ‘ശീഷ്മഹലി’ൽ കഴിയുകയാണ്” -രാഹുൽ പറഞ്ഞു. നേരത്തെ മദ്യനയ അഴിമതി കേസിൽ അറസ്റ്റ് ചെയ്ത കെജ്രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. കെജ്രിവാളിന്റെ വസതി 45 കോടി മുടക്കി നവീകരിച്ചതിനെ വിമർശിച്ച് ബി.ജെ.പി ഉയർത്തിയ വിവാദമായിരുന്നു ശീഷ്മഹലിന്റേത്.
ബി.ജെ.പി ഉയർത്തിയ ആരോഹണങ്ങൾ രാഹുൽ ആവർത്തിക്കുകയാണെന്ന് കെജ്രിവാൾ തിരിച്ചടിച്ചു. “ഇന്ന് ബി.ജെ.പിയുടെ പ്രസംഗം അപ്പാടെ രാഹുൽ ആവർത്തിച്ചു. ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള ധാരണ എന്താണെന്ന് അദ്ദേഹം ജനങ്ങളോട് വ്യക്തമാക്കണം. മോദി വ്യാജ കേസുകളുണ്ടാക്കി ആളുകളെ ജയിലിലടക്കുകയാണ്. എന്തുകൊണ്ടാണ് നാഷനൽ ഹെരാൾഡ് കേസിൽ രാഹുലിന്റെ കുടുംബത്തിലെ ആരും അറസ്റ്റ് ചെയ്യപ്പെടാത്തത്? റോബർട്ട് വദ്രക്ക് ക്ലീൻചിറ്റ് ലഭിച്ചതെങ്ങനെയാണ്? ആരാണ് ഭീരുവെന്നും ആരാണ് വീരനെന്നും ജനത്തിനറിയാം” -കെജ്രിവാൾ പറഞ്ഞു.
70 അംഗ ഡൽഹി നിയമസഭയിലേക്ക് ഫെബ്രുവരി അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിന് ഫലം പ്രഖ്യാപിക്കും. 2020ലെ തെരഞ്ഞെടുപ്പിൽ 62 സീറ്റുകളിലും ജയം പിടിച്ചാണ് എ.എ.പി തുടർ ഭരണം നേടിയത്. 2015ൽ 67 സീറ്റുകളും കെജ്രിവാളിന്റെ പാർട്ടി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ സീറ്റുകൾ ബി.ജെ.പി തൂത്തുവാരിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.