രാഘവ് ചദ്ദ
ന്യൂഡൽഹി: രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള ആം ആദ്മി പാർട്ടിയുടെ തീരുമാനത്തിന് പിന്നാലെ പരസ്യ പ്രതികരണവുമായി രാഘവ് ചദ്ദ എം.പി. എക്സിലൂടെ പങ്കുവെച്ച വിഡിയോ സന്ദേശത്തിൽ കടുത്ത ഭാഷയിലാണ് അദ്ദേഹം തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയത്.
‘പൊതുജന പ്രശ്നങ്ങൾ ഉയർത്തുന്നത് ഒരു കുറ്റമാണോ? ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ? ഞാൻ സംസാരിക്കുമ്പോഴെല്ലാം സാധാരണക്കാരുടെ പ്രശ്നങ്ങളെക്കുറിച്ച് മാത്രമാണ് സംസാരിച്ചിട്ടുള്ളത്. ജനതാൽപ്പര്യമുള്ള വിഷയങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് എന്നെ എന്തിനാണ് തടയുന്നത്?’ - ചദ്ദ ചോദിച്ചു. തന്റെ നിശ്ശബ്ദതയെ കീഴടങ്ങലായി കാണരുതെന്നും അദ്ദേഹം പാർട്ടി നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി. ‘എന്റെ നിശ്ശബ്ദതയെ കീഴടങ്ങലായി തെറ്റിദ്ധരിക്കരുത്. ഞാൻ ഇപ്പോൾ ശാന്തമായി ഒഴുകുന്ന ഒരു നദിയാണ്. എന്നാൽ എങ്ങനെ പ്രളയമായി മാറണമെന്ന് എനിക്കറിയാം,’ അദ്ദേഹം പറഞ്ഞു. എപ്പോഴും കൂടെയുണ്ടായിരുന്നത് പോലെ പൊതുജനങ്ങൾ തനിക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
രാഘവ് ചദ്ദയെ മാറ്റി പഞ്ചാബിൽ നിന്നുള്ള എം.പി അശോക് മിത്തലിനെ ഡെപ്യൂട്ടി ലീഡറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എ.എ.പി രാജ്യസഭാ സെക്രട്ടേറിയറ്റിന് കത്ത് നൽകിയതിന് പിന്നാലെയാണ് ചദ്ദയുടെ പ്രതികരണം. പാർട്ടിയുടെ ക്വാട്ടയിൽ സഭയിൽ സംസാരിക്കാൻ ചദ്ദക്ക് സമയം അനുവദിക്കരുതെന്നും പാർട്ടി കത്തിൽ ആവശ്യപ്പെട്ടതായാണ് വിവരം.
സ്ഥാനത്തുനിന്ന് നീക്കുന്നതിന് തൊട്ടുമുമ്പ് സഭയിൽ താൻ ഉന്നയിച്ച പ്രധാന വിഷയങ്ങൾ കോർത്തിണക്കിയ ഒരു വിഡിയോയും ചദ്ദ പങ്കുവെച്ചിരുന്നു. നികുതി ഭാരം, ഇന്റർനെറ്റ് ഡാറ്റാ കാലാവധി പ്രശ്നം, പിതൃത്വ അവധി, വിമാനത്താവളങ്ങളിലെ അമിത ലഗേജ് ചാർജ് തുടങ്ങിയ ജനകീയ വിഷയങ്ങളാണ് താൻ സഭയിൽ ഉന്നയിച്ചതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നതിന്റെ സൂചനയായാണ് രാഘവ് ചദ്ദക്കെതിരെയുള്ള ഈ നീക്കം വിലയിരുത്തപ്പെടുന്നത്. അരവിന്ദ് കെജ് രിവാളിന്റെ വിശ്വസ്തനായിരുന്ന രാഘവ് ചദ്ദ കഴിഞ്ഞ കുറച്ചുമാസങ്ങളായി നേതൃത്വവുമായി അകൽച്ചയിലാണെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. മദ്യനയക്കേസിൽ കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തരായപ്പോൾ നടന്ന പാർട്ടി പരിപാടികളിൽനിന്ന് ചദ്ദ വിട്ടുനിന്നത് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. അടുത്തിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകൾക്കുള്ള എ.എ.പിയുടെ താരപ്രചാരകരുടെ പട്ടികയിൽനിന്നും ചദ്ദയുടെ പേര് ഒഴിവാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.