പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹർജോത് ബെയ്ൻസും ഐ.പി.എസ് ഓഫിസറായ ഡോ. ജ്യോതി യാദവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ഞായറാഴ്ച നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹ നിശ്ചയം. അതേസമയം വിവാഹ തീയതി എന്നാണെന്ന് ഇരുവരും പുറത്തുപറഞ്ഞിട്ടില്ല.
ഹരിയാനയിലെ ഗുർഗാവോൺ സ്വദേശിയാണ് 34 കാരിയായ ജ്യോതി യാദവ്. ബി.ഡി.എസ് ബിരുദധാരിയാണ്. 2019ലെ ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥയാണ് ജ്യോതി. കഴിഞ്ഞ ജൂലൈയിൽ എ.എ.പി എം.എൽ.എ രജീന്ദർപാൽ കൗറിനെതിരെ സ്വീകരിച്ച നിലപാടുകളെ തുടർന്ന് ജ്യോതി വാർത്തകളിൽ ഇടം പിടിച്ചിരുന്നു. എം.എൽ.എയുടെ സമ്മതമില്ലാതെ അവരുടെ നിയോജക മണ്ഡലത്തിൽ പരിശോധന നടത്തിയതിനെ തുടർന്നുണ്ടായ വാഗ്വാദമാണ് വിവാദമായത്.
എ.എ.പിയുടെ സജീവ പ്രവർത്തകനായ 32കാരനായ ബെയ്ൻസ് പഞ്ചാബ് യൂനിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം നേടിയത്. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ റാണ കെ.പി സിങ്ങിനെ 45,000 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഇദ്ദേഹം വിജയിച്ചത്. ഭഗവന്ത്മാൻ സർക്കാരിൽ ആദ്യം ജയിൽ, ഖനന വകുപ്പുകളുടെ ചുമതലായിരുന്നു. പിന്നീട് മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോൾ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.