'ഡൽഹി ചലോ' മാർച്ച്; കണ്ണീർവാതക പ്രയോഗത്തിൽ പരിക്കേറ്റ ഒരു കർഷകൻ കൂടി മരിച്ചു

ജലന്ധർ: കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ഡൽഹി ചലോ മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ ഒരു കർഷകൻ കൂടി മരിച്ചു. കണ്ണീർവാതക പ്രയോഗത്തിൽ സാരമായി പരിക്കേറ്റ കർണയിൽ സിങ് (62) എന്ന കർഷകനാണ് മരിച്ചത്. ഇതോടെ, സമരത്തിൽ മരിച്ച കർഷകരുടെ എണ്ണം ആറായി.

പഞ്ചാബിലെ പട്യാല ആർണോ ഗ്രാമത്തിൽ നിന്നുള്ള കർഷകനായ കർണയിൽ സിങ് ശ്വാസകോശ അണുബാധയെ തുടർന്ന് മരിക്കുകയായിരുന്നു. ഫെബ്രുവരി 21ന് ഹരിയാന പൊലീസിന്‍റെ കണ്ണീർവാതക പ്രയോഗത്തെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഖനൗരി അതിർത്തിയിൽ പ്രതിഷേധിക്കുമ്പോഴായിരുന്നു ഇദ്ദേഹത്തിന് പരിക്കേറ്റത്.

ദർശൻ സിങ്, ഗ്യാൻ സിങ്, മൻജീത് സിങ്, നരീന്ദർ സിങ് എന്നീ കർഷകർ സമരത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. 22കാരനായ ശുഭ്കരൺ സിങ് പൊലീസിന്‍റെ കണ്ണീർവാതക ഷെൽ തലയിൽ പതിച്ച് പരിക്കേറ്റും മരിച്ചിരുന്നു.

അതേസമയം, കർഷകർ പഞ്ചാബ്-ഹരിയാന അതിർത്തികളിൽ നടത്തുന്ന സമരം 15 ദിവസം പിന്നിട്ടിരിക്കുകയാണ്. ശുഭ്കരൺ സിങ്ങിന്‍റെ മരണത്തെ തുടർന്ന് ഡൽഹി ലക്ഷ്യമാക്കിയുള്ള മാർച്ച് താൽക്കാലികമായി നിർത്തിയിരുന്നു. പഞ്ചാബ്-ഹരിയാന അതിർത്തിയിലെ രണ്ട് പ്രതിഷേധ കേന്ദ്രങ്ങളിൽ - ശംഭു, ഖനൗരി എന്നിവിടങ്ങളിലാണ് നിലവിൽ സമരം തുടരുന്നത്. തുടർ സമരത്തെ കുറിച്ച് 29ന് ചേരുന്ന യോഗത്തിൽ തീരുമാനമെടുക്കും.

Tags:    
News Summary - Punjab farmer who fell ill after tear gas firing dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.