മതംമാറ്റ ശ്രമം അന്വേഷിക്കണം, വ്യാജ പാസ്റ്റർമാരുടെ പേരുവിവരം പുറത്തുവിടും -ക്രിസ്ത്യൻ നേതാക്കൾ

ജലന്ധർ: തങ്ങൾ നിർബന്ധിത മതംമാറ്റശ്രമങ്ങൾക്കെതിരാണെന്നും അത്തരം പ്രവർത്തനങ്ങളെ കുറിച്ച് പൊലീസ് അന്വേഷിക്കണമെന്നും പഞ്ചാബിലെ ക്രിസ്ത്യൻ നേതാക്കൾ. സിഖ് മതനേതൃത്വുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നേതാക്കൾ ഈ ആവശ്യമുന്നയിച്ചത്.

സംസ്ഥാനത്ത് ക്രിസ്ത്യൻ പുരോഹിതർ വ്യാപക മതപരിവർത്തനത്തിന് ശ്രമിക്കുന്നുണ്ടെന്നും അത്തരം നീക്കങ്ങൾക്കെതിരെ നിഹാംഗുകൾ (സിഖ് പോരാളികൾ) ജാഗ്രത പാലിക്കണ​മെന്നും സിഖ് പുരോഹിതർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് അനുനയശ്രമങ്ങളുടെ ഭാഗമായി ഇരുവിഭാഗവും കൂടിക്കാഴ്ച നടത്തിയത്.

മതപരിവർത്തനത്തിന് നേതൃത്വം നൽകുന്ന വ്യാജ പാസ്റ്റർമാരുടെ പേരുകൾ വെളിപ്പെടുത്തുന്ന തരത്തിൽ തങ്ങൾ ഒരു സർക്കുലർ പുറപ്പെടുവിക്കുമെന്നും ഇവർ അറിയിച്ചു. രണ്ട് സമുദായങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കുന്ന പ്രവർത്തനങ്ങൾ അന്വേഷിക്കേണ്ടതുണ്ട്. ബൈബിളിന്റെ തത്വങ്ങൾക്ക് വിരുദ്ധമായതിനാൽ അത്ഭുതകരമായ രോഗശാന്തി ശക്തികൾ ഉണ്ടെന്ന് അവകാശപ്പെടുന്ന വ്യാജ പാസ്റ്റർമാർക്ക് തങ്ങൾ എതിരാണെന്നും ക്രിസ്ത്യൻ നേതാക്കൾ പറഞ്ഞു.

പഞ്ചാബിൽ മതപരിവർത്തന വിരുദ്ധ നിയമം ആവശ്യമാണെന്ന് അകാൽ തഖ്ത്ത് ​നേതൃത്വം കഴിഞ്ഞ ദിവസം ആവശ്യ​പ്പെട്ടിരുന്നു. മതപരിവർത്തനത്തിനായി ക്രിസ്ത്യൻ മിഷനറിമാർ നടത്തുന്ന വികൃത ശ്രമങ്ങളെ ഇവർ അപലപിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് കാത്തലിക് ചർച്ച് ഓഫ് ഇന്ത്യയുടെയും ചർച്ച് ഓഫ് നോർത്ത് ഇന്ത്യയും മുൻകൈയെടുത്ത് കൂടിക്കാഴ്ച നടത്തിയത്. സെപ്റ്റംബർ ഏഴിനാണ് അമൃത്സറിൽ വെച്ച് അകാൽ തഖ്ത് നേതാവ് ഗ്യാനി ഹർപ്രീത് സിങ്ങിനെ പുരോഹിതർ കണ്ടത്. ജലന്ധർ രൂപത ബിഷപ്പ് ആഞ്ജലീന റിഫ്, അമൃത്‌സർ ബിഷപ്പ് സാമന്തറോയ്, ചണ്ഡീഗഡ് ബിഷപ്പ് ഡാനിയേൽ എന്നിവ ക്രിസ്ത്യൻ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തു. ഹൃദ്യമായ അന്തരീക്ഷത്തിലാണ് കൂടിക്കാഴ്ച നടന്നതെന്ന് മതംമാറ്റ ആരോപണം രൂക്ഷമായി ഉന്നയിച്ച ഗ്യാനി ഹർപ്രീത് സിങ് പറഞ്ഞു.

രണ്ട് സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്ന പാസ്റ്റർമാരുമായി യാതൊരു ബന്ധവുമില്ലെന്ന് ക്രിസ്ത്യൻ പ്രതിനിധികൾ പറഞ്ഞു. അടുത്തിടെ, മുഖംമൂടി ധരിച്ച നാല് പേർ തരൺ തരൺ ജില്ലയി​ലെ ചർച്ച് ആക്രമിച്ച് യേശുവിന്റെ പ്രതിമ തകർക്കുകയും പാസ്റ്ററുടെ കാർ കത്തിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Punjab: Amid Conversion Row, Christian Groups Meet Akhal Takht Jathedar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.