പൂനെയിലെ കാറപകടം: കുറ്റം ഏറ്റെടുക്കാൻ കുട്ടിയുടെ കുടുംബം സമ്മർദം ചെലുത്തിയതായി ഡ്രൈവർ

മുംബൈ: പൂനെയിൽ കൗമാരക്കാൻ ഓടിച്ച കാറിടിച്ച് രണ്ട് പേർ മരണപ്പെട്ട സംഭവത്തിൽ കുറ്റം ഏറ്റെടുക്കാൻ ഡ്രൈവറിന് മേൽ കുട്ടിയുടെ കുടുംബം സമ്മർദ്ദം ചെലുത്തിയതായി റിപ്പോർട്ട്. കുട്ടിയുടെ കുടുംബം ​ഡ്രൈവറായ ​ഗം​ഗാധറിനെ കുറ്റം ഏറ്റെടുക്കാൻ ഭീഷണിപ്പെടുത്തിയെന്നും പണവും സമ്മാനങ്ങളും വാഗ്ദാനം ചെയ്തെന്നും പൂനെ പൊലീസ് കമീഷണർ അമിതേഷ് കുമാർ പറഞ്ഞു.

ഡ്രൈവർ നൽകിയ മൊഴിയിൽ ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ട്. അപകടത്തിന് ശേഷം പുലർച്ചെ 2.45 ഓടെ കുട്ടിയുടെ അച്ഛൻ ​ഗം​ഗാധറിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. അപകടം നടക്കുമ്പോൾ കാറോടിച്ചത് താനാണെന്ന് മൊഴി നൽകണമെന്നായിരുന്നു പിതാവിന്റെ ആവശ്യം. കുട്ടിയുടെ അമ്മയും സമാന ആവശ്യം ഉന്നയിച്ചിരുന്നുവെന്നും ​ഗം​ഗാധർ പൊലീസിനോട് പറഞ്ഞു.

​ഗം​ഗാധറിന്റെ പരാതിയെത്തുടർന്ന് കൗമാരക്കാരന്റെ പിതാവ് വിശാൽ അ​ഗർവാളിനെയും മുത്തച്ഛൻ സുരേന്ദ്ര അ​ഗർവാൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ​ഗം​ഗാധറിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. കോടതിയിൽ സുരേന്ദ്ര അ​ഗർവാളിന്റെ ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ചും പൊലീസ് വ്യക്തമാക്കിയിരുന്നു. അപകടവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ചൊവ്വാഴ്ചയാണ് കുട്ടിയുടെ അച്ഛൻ വിശാൽ അ​ഗര്ഡവാൾ അറസ്റ്റിലായത്. ജാമ്യാപേക്ഷ റദ്ദാക്കിയതിനെത്തുടർന്ന് കൗമാരക്കാൻ നിലവിൽ യെരവാഡയിലെ സർക്കാർ ഒബ്സർവേറ്ററി ഹോമിലാണ്.

മെയ് 19നായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യപിച്ച് അമിത വേ​ഗത്തിൽ കൗമാരക്കാൻ ഓടിച്ചിരുന്ന കാർ രണ്ട് സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇരുവരും തത്ക്ഷണം മരിച്ചു. സംഭവത്തിന് പിന്നാലെ കൗമാരക്കാരനെയും സുഹൃത്തുക്കളെയും ഡ്രൈവറെയും പൊലീസ് കസ്റ്റലഡിയിലെടുത്തിരുന്നു. ആദ്യം താനാണ് വണ്ടിയോടിച്ചതെന്ന് ​ഗം​ഗാധർ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ ഇതിൽ സംശയം തോന്നിയതോടെയാണ് കൗമാരക്കാരനെതിരെ കേസെടുത്തത്.

ഇതിന് പിന്നാലെ വിശാലും സുരേന്ദ്ര അ​ഗർവാളും ചേർന്ന് ​ഗം​ഗാധറിനെ കാറിൽ കയറ്റി വഡ്​ഗാവ്ശേരിയിലെ ബം​ഗ്ലാവിലെത്തിച്ചു. ഇവിടെ വെച്ച് സംഘം ​ഗം​ഗാധറിന്റെ ഫോൺ തട്ടിയെടുക്കുകയും ബന്ധിയാക്കുകയുമായിരുന്നു. അടുത്ത ദിവസം ​ഗം​ഗാധറിനെ അന്വേഷിച്ച് ഭാര്യ എത്തിയെങ്കിലും കാണാൻ സംഘം അനുവദിച്ചില്ല. യുവതിക്ക് വിവിധ വാ​ഗ്ധാനങ്ങൾ നൽകുകയും കുറ്റം ഏറ്റെടുക്കാൻ ​ഗം​ഗാധറിനെ കൊണ്ട് സമ്മതിപ്പിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. ഇതും പരാജയപ്പെട്ടതോടെ വ്യാഴാഴ്ചയാണ് ഇയാളെ സംഘം വിട്ടയച്ചത്. ഇതിന് പിന്നാലെ ക്രൈം ബ്രാഞ്ച് ​ഗം​ഗാധറിനെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കുട്ടിയുടെ കുടുംബത്തിന്റെ ക്രിമിനൽ പശ്ചാത്തലം കണക്കിലെടുത്ത് ​ഗം​ഗാധറിന് സാക്ഷി സംരക്ഷണ നിയമം പ്രകാരം സംരക്ഷണം ഒരുക്കിയതായും പൊലീസ് അറിയിച്ചു.

Tags:    
News Summary - Pune car accident: Driver says child's family pressured him to take blame

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.