തമിഴ് കവിയും ഗാനരചയിതാവുമായ പുലമൈ പിത്തന്‍ അന്തരിച്ചു

ചെന്നൈ: തമിഴ് കവിയും ഗാനരചയിതാവുമായ പുലമൈ പിത്തന്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ചയായിരുന്നു അന്ത്യം. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമി എന്നിവരടക്കമുള്ള പ്രമുഖർ നിര്യാണത്തിൽ അനുശോചിച്ചു.

തമിഴ് പണ്ഡിതനും രാഷ്ട്രീയ നേതാവുമായിരുന്ന രാമസ്വാമി എന്ന പുലമൈ പിത്തൻ നൂറിലധികം തമിഴ് സിനിമകള്‍ക്ക് ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 1968-ല്‍ പുറത്തിറങ്ങിയ എം.ജി.ആര്‍. നായകനായ 'കുടിയിരുന്ത കോയില്‍' എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തിയത്. എം.ജി.ആര്‍., ശിവാജി ഗണേശന്‍, കമല്‍ഹാസന്‍, രജനികാന്ത്, വിജയ് തുടങ്ങിയ മുൻനിര നായകർക്കെല്ലാം വേണ്ടി പാട്ടെഴുതിയിട്ടുണ്ട്.

തമിഴ് സിനിമാ ഗാനങ്ങളിലൂടെ എം.ജി.ആറിന്‍റെ പ്രതിച്ഛായ വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത് ഇദ്ദേഹമാണ്. എം. ജി.ആര്‍. രാഷ്ട്രീയത്തിൽ എത്തിയപ്പോൾ പുലമൈപിത്തനും എ.ഐ.എ.ഡി.എം.കെ.യുടെ ഭാഗമായി. എം.ജി.ആര്‍. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തമിഴ്നാട് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു.

1935-ല്‍ കോയമ്പത്തൂരിലാണ് ജനനം. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം നാല് തവണ ലഭിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും നേടി. ഭാര്യയും രണ്ടു മക്കളും ഉണ്ട്.

Tags:    
News Summary - Pulamaipithan, poet and politician, is no more

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.