oil industry
ന്യൂഡൽഹി: അടുത്ത ജനുവരി മുതൽ ഇന്ത്യയിൽ എൽ.പി.ജി വിതരണത്തിന് അമേരിക്കൻ കമ്പനികളുമായി ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനികൾ ചർച്ച തുടങ്ങിയതായി റിപ്പോർട്ട്. രാജ്യത്തെ പ്രമുഖ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ എന്നീ കമ്പനികൾ വ്യത്യസ്ത കരാറുകളാണ് അമേരിക്കൻ കമ്പനികളുമായി ഒപ്പുവെക്കാനൊരുങ്ങുന്നത്.
എന്നാൽ കരാറുകൾ ഒരേ സ്വഭാവത്തിലുള്ളതായിരിക്കുമെന്ന് ഇതുമായി ബന്ധമുള്ളവർ സൂചന നൽകുന്നു. ഇരു രാജ്യങ്ങളുടെയും ഉർജ്ജ ഉൽപാനം ഈ വർഷം 20 ബില്യൻ ഡോളറായി ഉയർത്തണമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് നീക്കം. അമേരിക്കയിലെ ഏതാണ്ട് ഒരു ഡസനോളം കമ്പനികളുമായി ചർച്ച നടക്കുന്നുണ്ട്. അമേരിക്കയിലെ പ്രമുഖ എൽ.പി.ജി. വിതരണ കമ്പനികളാണ് ടാർഗ റിസോഴ്സസ്, വൺഓക് എന്നിവ.
ഇന്ത്യ പരമ്പരാഗതമായി ഖത്തർ, യു.എ.ഇ, സൗദി തുടങ്ങിയ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ദീർഘകാല കരാറിന്റെ അടിസ്ഥാനത്തിൽ എൽ.പി.ജി വാങ്ങുന്നത്. അമേരിക്കയിൽ നിന്ന് വളരെക്കുറച്ച് മാത്രമേ നമ്മൾ വാങ്ങുന്നുള്ളൂ.
അതേസമയം ഇന്ത്യ വൻ തോതിൽ എൽ.പി.ജി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. അതുപോലെ വൻതോതിൽ എൽ.പി.ജി ഉൽപാദിപ്പിക്കുന്ന രാജ്യമാണ് അമേരിക്ക. അത്കൊണ്ടുതന്നെ അമേരിക്കയെ ഇന്ത്യക്ക് പ്രമുഖമായി ആശ്രയിക്കാവുന്നതാണെന്ന് പ്രമുഖർ പറയുന്നു. വിലയിലും കാര്യമായ വ്യത്യാസം ഉണ്ടായിരിക്കില്ലത്രെ.
ഇന്ത്യയിൽ ഉപയോഗിക്കുന്ന എൽ.പി.ജിയിൽ 60 ശതമാനം ബ്യൂട്ടെയിനും 40 ശതമാനം പ്രൊപെയിനുമാണ്. ഇതാണ് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്നത്. എന്നാൽ അമേരിക്കയുടേത് 60 ശതമാനം പ്രൊപ്പെയിനും 40 ശതമാനം ബ്യുട്ടെയിനുമാണ്. എന്നാൽ രണ്ടിടത്തും നിന്നുള്ള ഇറക്കുമതിയിലൂടെ രാജ്യത്തിന് ഈ ശരാശരി നിലനിർത്താൻ കഴിയും.
നിലവിൽ ധാരാളം രാജ്യങ്ങളിലേക്ക് അമേരിക്ക എണ്ണയും എൽ.പി.ജിയും കയറ്റിയയക്കുന്നതിനാൽ അവരുടെ സ്റ്റോക്ക് തൃപ്തികരമല്ലെന്നാണ് അറിയാൻ കഴിയുന്നതെന്നും അതിനാൽ കരാറിൽ കൃത്യമായ സപ്ലൈയും വിലയിലെ വ്യത്യാസമില്ലായ്മയും ഉർപ്പാക്കണമെന്നും പ്രമുഖർ നിർദ്ദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.