അതുല്യ നേട്ടത്തിലേക്ക് പി.എസ്.എല്‍.വിയുടെ കുതിപ്പ് 15ന്

ബംഗളൂരു: ഉപഗ്രഹ വിക്ഷേപണത്തില്‍ പുതിയ ചരിത്രം കുറിക്കാന്‍ ഐ.എസ്.ആര്‍.ഒ ഒരുങ്ങി. ബുധനാഴ്ച രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍നിന്നാണ് 104 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ഭ്രമണപഥത്തിലെത്തിക്കാനുള്ള മഹാദൗത്യവുമായി പി.എസ്.എല്‍.വി സി-37 വാഹനം പുറപ്പെടുക. തദ്ദേശീയമായി വികസിപ്പിച്ച കാര്‍ട്ടോസാറ്റ് -2ഡി, ഐ.എന്‍.എസ് -1എ, ഐ.എന്‍.എസ് 1ബി എന്നിവയും 101 വിദേശ ഉപഗ്രഹങ്ങളുമാണ് ഇതിലുണ്ടാവുക. 1378 കിലോഗ്രാമാണ് ആകെ ഭാരം.
ലോകത്ത് ആദ്യമായാണ് നൂറിലധികം ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിക്കുന്നത്്. നേരത്തെ റഷ്യ 37ഉം അമേരിക്ക 29ഉം ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ബഹിരാകാശത്തയച്ചിരുന്നു. 2016 ജൂണ്‍ 22ന് 20 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ഭ്രമണപഥത്തിലത്തെിച്ച് പി.എസ്.എല്‍.വി സി-34 രാജ്യത്തിന്‍െറ ഉപഗ്രഹ വിക്ഷേപണ റെക്കോഡ് തിരുത്തിയിരുന്നു. ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് -2സി, പുണെ കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍നിന്നുള്ള ‘സ്വയം’, ചെന്നൈ സത്യഭാമ സര്‍വകലാശാലയില്‍നിന്നുള്ള ‘സത്യഭാമ സാറ്റ്’ എന്നിവയുടെയും യു.എസ്.എ, കനഡ, ജര്‍മനി, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള 17 ചെറു ഉപഗ്രഹങ്ങളുടെയും വിക്ഷേപണമാണ് അന്ന് നടന്നത്. 2008 ഏപ്രില്‍ 28ന് പി.എസ്.എല്‍.വി സി-9ല്‍ ഇന്ത്യയുടെ രണ്ടും വിദേശ രാജ്യങ്ങളില്‍നിന്നുള്ള എട്ടും ഉപഗ്രഹങ്ങള്‍ ഒന്നിച്ചയച്ചതായിരുന്നു അതുവരെയുള്ള റെക്കോഡ്. ഐ.എസ്.ആര്‍.ഒയുടെ 85ാമത്തെയും ഇന്ത്യയുടെ വിശ്വസ്ത ബഹിരാകാശ വാഹനമെന്നറിയപ്പെടുന്ന പി.എസ്.എല്‍.വിയുടെ 39ാമത്തെയും ദൗത്യമാണ് 15ന് നടക്കുന്നത്.
കാര്‍ട്ടോസാറ്റ് -2 ശ്രേണിയിലെ അഞ്ചാമത്തെ ഉപഗ്രഹ വിക്ഷേപണത്തിനാണ് ഇത് വഴിയൊരുക്കുന്നത്. കാര്‍ട്ടോസാറ്റ് -2, 2 എ, 2 ബി, 2സി എന്നിവയാണ് നേരത്തെ വിക്ഷേപിച്ചിരുന്നത്. ഭൗമ നിരീക്ഷണം ലക്ഷ്യമിട്ടുള്ള കാര്‍ട്ടോസാറ്റ് -2ഡിയുടെ ഭാരം 714 കിലോഗ്രാം ആണ്. മറ്റു രണ്ട് ഇന്ത്യന്‍ ഉപഗ്രഹങ്ങളടക്കം ഒപ്പം വിക്ഷേപിക്കുന്ന 103 ചെറു ഉപഗ്രഹങ്ങളുടെ ആകെ ഭാരം 664 കിലോഗ്രാമാണ്. വിദേശ ഉപഗ്രഹങ്ങളില്‍ അമേരിക്കയില്‍നിന്നുള്ള 96 ക്യൂബ്സാറ്റുകള്‍ക്ക് പുറമെ നെതര്‍ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, ഇസ്രായേല്‍, യു.എ.ഇ, കസഖിസ്താന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവയാണ് വിക്ഷേപിക്കുക. ഭൂമിയില്‍നിന്ന് 505 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാകും ഇവയത്തെിക്കുക. 83 ഉപഗ്രഹങ്ങള്‍ ഡിസംബര്‍ 26ന് ഒന്നിച്ച് വിക്ഷേപിക്കാനായിരുന്നു തീരുമാനമെങ്കിലും മറ്റു രാജ്യങ്ങളില്‍നിന്നുള്ള 21 ഉപഗ്രഹങ്ങള്‍കൂടി വിക്ഷേപണത്തിന് അനുമതി തേടിയതോടെ ദൗത്യം മാറ്റുകയായിരുന്നു.

Tags:    
News Summary - pslv to launch 104 satellites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.