സ്ഥാനാർഥി പട്ടിക: മണിപ്പൂർ ബി.ജെ.പിയിൽ പൊട്ടിത്തെറി, മോദിയുടെയും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു, നേതാക്കൾ രാജിവെച്ചു

ഗുവാഹത്തി: അടുത്ത മാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ 60 സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് സ്ഥാനാർഥികളെ തീരുമാനിച്ചതോടെ മണിപ്പൂർ ബി.ജെ.പിയിൽ പൊട്ടിത്തെറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെയും കോലം പ്രവര്‍ത്തകര്‍ കത്തിച്ചു, ബി.ജെ.പി പതാകകള്‍ക്കും തീയിട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പാർട്ടി ഓഫീസുകളും അടിച്ചുതകർത്തു.


അനിശ്ചിതത്വങ്ങൾക്കൊടുവിൽ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ ഇന്നലെയായിരുന്നു ബി.ജെ.പി പ്രഖ്യാപിച്ചത്. പിന്നാലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ നിരാശരായ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്ലക്കാര്‍ഡുകളുയര്‍ത്തി മുദ്രാവാക്യങ്ങളും മുഴക്കി പ്രവര്‍ത്തകര്‍ തെരുവില്‍ പ്രതിഷേധങ്ങളും സംഘടിപ്പിച്ചു. പാർട്ടി കൊടിയും തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളും പ്രവർത്തകർ കത്തിച്ചു. തുടര്‍ന്ന് ഇംഫാലിലെ ബിജെപി ആസ്ഥാനത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്. സംസ്ഥാന തലസ്ഥാനത്തിന് പുറമേ ഇംഫാല്‍ വെസ്റ്റ്, തമെങ്‌ലോങ് മേഖലകളിലും വ്യാപക സംഘര്‍ഷമാണ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായത്.

സ്ഥാനാർഥി പട്ടികയിൽ ഇടം നേടാനാകാതെ വന്നതോടെ മുന്‍ മന്ത്രി ഡോ. നിമാ ചന്ദ് ലുവാങ്, മറ്റൊരു നേതാവ് താങ്‌ജാന്‍ അരുണ്‍കുമാര്‍ എന്നിവര്‍ പാർട്ടി വിട്ടതായും റിപ്പോർട്ടുകളുണ്ട്. എംഎല്‍എമാരായ യുംഖാം ഇറബോട്ട്, എം രാമേശ്വര്‍, പി ശരത്ചന്ദ്ര എന്നിവര്‍ സീറ്റ് നല്കാത്തതില്‍ പരസ്യ പ്രതിഷേധവും രേഖപ്പെടുത്തി. വരുംദിവസങ്ങളില്‍ ഇവര്‍ ബിജെപി വിടുമെന്ന സൂചനയുമുണ്ട്. കോൺഗ്രസിൽ നിന്ന് വന്നവർക്ക് സീറ്റ് നൽകിയതിൽ അസംതൃപ്തരാണ് പാർട്ടി വിട്ടതെന്നാണ് സൂചന. സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയ പത്ത് പേർ ഈയിടെ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ എത്തിയവരാണ്, മുൻ മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദാസ് കോന്തൗജത്താണ് ഇതിൽ പ്രമുഖൻ. പ്രതിഷേധ സാഹചര്യത്തിൽ ഇംഫാലിലെ ബി.ജെ.പി ആസ്ഥാനത്തിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Protests In Manipur After BJP Names Election Candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.