ന്യൂഡൽഹി: ഗൾഫ് മേഖലയിൽ ഇന്ത്യൻ വിമാന കമ്പനികൾ നേതൃത്വം നൽകുന്ന നിരക്കുകൊള്ള തുറന്നുകാട്ടി പാർലമെൻററി സമിതി റിപ്പോർട്ട്. കേരളത്തിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ഇൗടാക്കുന്ന തുക വളരെ ഉയർന്നതാണെന്നും ഇൗ പകൽകൊള്ള നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും ഗതാഗത, വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട പാർലമെൻററി സമിതി ശിപാർശ ചെയ്തു. വിമാന കൊള്ള പരിഹരിക്കാൻ ഇടപെടലുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗൾഫ് സന്ദർശനത്തിനിടെ പ്രവാസികൾക്ക് ഉറപ്പു നൽകിയിരുന്നു.
അതിനുശേഷവും അധിക നിരക്ക് കുറഞ്ഞിട്ടില്ലെന്നാണ് പാർലമെൻററി സമിതിയുടെ പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ടി.എം.സി നേതാവ് മുകുൾ റോയ് അധ്യക്ഷനായ സമിതിയിൽ കേരളത്തിൽനിന്ന് കെ.സി. വേണുഗോപാൽ എം.പിയും അംഗമാണ്. വിമാന കമ്പനികൾ യാത്രനിരക്കിൽ യാത്രക്കാരെ കൊള്ളയടിക്കുന്നത് നിയന്ത്രിക്കാൻ നിലവിൽ നിയമങ്ങളൊന്നും പ്രാബല്യത്തിലില്ല. നേരത്തേയുണ്ടായിരുന്ന എയർ കോർപറേഷൻ നിയമം റദ്ദാക്കിയശേഷം ഇക്കാര്യത്തിൽ വിമാനക്കമ്പനികൾക്ക് പൂർണ സ്വാതന്ത്ര്യം കൈവന്നിരിക്കുകയാണ്. ഇതേതുടർന്നാണ് വിമാന കമ്പനികൾ യാത്രക്കാരുടെ തിരക്ക് ചൂഷണം ചെയ്ത് ഉയർന്ന നിരക്ക് ഇൗടാക്കുന്നത്.
ഗൾഫ് യാത്രക്കാർ ഏറെയും സാധാരണക്കാരായ പ്രവാസികളാണ്. ഇവരുടെ നിസ്സഹായത വിമാനക്കമ്പനികൾ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ നടപടി വേണം. വിദേശ വിമാനക്കമ്പനികളേക്കാൾ ഉയർന്ന നിരക്കാണ് ഇന്ത്യൻ വിമാനക്കമ്പനികൾ ഇൗടാക്കുന്നത്. ഇവരെ നിയന്ത്രിക്കാൻ വിമാന ടിക്കറ്റിൽ ഒാരോ ക്ലാസിലും പരമാവധി ഉയർന്ന നിരക്ക് നിശ്ചയിക്കുന്ന കാര്യം വ്യോമയാന മന്ത്രാലയം പരിശോധിക്കണം. ഗൾഫ് റൂട്ടിലെ വിമാന നിരക്ക് സീസൺ സമയത്തും അല്ലാത്തപ്പോഴും നിരീക്ഷിക്കാൻ സംവിധാനം വേണം. ചൂഷണം വ്യോമയാന മന്ത്രാലയവും ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷനും ഗൗരവത്തിലെടുക്കണമെന്നും സമിതി ശിപാർശയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.