തൊഴിലാളികൾക്കായി 500 ബസുകൾ തയാറാക്കി പ്രിയങ്ക; അതിർത്തിയിൽ തടഞ്ഞ് യോഗി സർക്കാർ

ലഖ്നോ: രാജസ്ഥാനിൽ നിന്നുള്ള അന്തർ സംസ്ഥാന തൊഴിലാളികളെ ഉത്തർപ്രദേശിലേക്ക് കൊണ്ടുവരാൻ കോൺഗ്രസ് ഏർപ്പെടുത്തിയ 500 ബസുകൾക്ക് അതിർത്തി കടക്കാൻ അനുമതി നൽകാതെ യോഗി ആദിത്യനാഥ് സർക്കാർ. 

കിഴക്കൻ യു.പിയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഏർപ്പെടുത്തിയ ബസുകളാണിത്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ആൽവാർ, ഭരത്പുർ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളെ കൊണ്ടുവരാനാണ് 500 ബസുകൾ ഞായറാഴ്ച രാവിലെ തയാറാക്കിയത്. ഇവ യു.പി അതിർത്തിയായ മഥുരക്കടുത്തുള്ള ബഹജ് ഗോവർധനിൽ തടഞ്ഞിരിക്കുകയാണെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാർ അനുമതി നൽകാത്തതിനാൽ അവക്ക് യു.പി അതിർത്തി കടക്കാൻ കഴിഞ്ഞിട്ടില്ല.

അനുമതി നൽകണമെന്നഭ്യർഥിച്ച് പ്രിയങ്ക ഗാന്ധി നൽകിയ കത്തിനോട് യോഗി ആദിത്യനാഥ് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. "ഞങ്ങളുടെ ബസുകൾ അതിർത്തിയിൽ കിടക്കുന്നു. അന്തർ സംസ്ഥാന തൊഴിലാളികളായ ആയിരക്കണക്കിന് സഹോദരീ സഹോദരൻമാർ കത്തുന്ന വെയിലിൽ നടന്നു തളരുകയാണ്. അനുമതി തരൂ യോഗി ആദിത്യനാഥ് ജി. ഞങ്ങളുടെ സഹോദരരെ സഹായിക്കാൻ അനുവദിക്കു" - ബസുകളുടെ വിഡിയോ പങ്കുവെച്ച് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

അന്തർ സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരാൻ ആയിരം ബസുകൾ ഒരുക്കാമെന്നും അവയുടെ ചെലവ് വഹിക്കാമെന്നും കാട്ടി കഴിഞ്ഞ ദിവസം പ്രിയങ്ക യോഗി ആദിത്യനാഥിന് കത്ത് നൽകിയിരുന്നു. നാടുകളിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ യാത്രാമധ്യേ അപകടങ്ങളിലും മറ്റും പെടുന്നതും മരണപ്പെടുന്നതും ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക കത്തയച്ചത്. ബസുകളുടെ യാത്രാ ചിലവ് കോണ്‍ഗ്രസ് വഹിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.

തുടർന്നാണ് ഞായറാഴ്ച 500 ബസുകൾ ഏർപ്പെടുത്തിയത്. സ്വന്തം നാട്ടിലേക്കെത്താൻ വാഹനസൗകര്യം ലഭിക്കാതെ പൊരിവെയിലത്ത് കുഞ്ഞുങ്ങളുമായി നടന്നലയുന്ന തൊഴിലാളികളെ സഹായിക്കാൻ നടത്തിയ ശ്രമത്തിന് അനുമതി നൽകാത്ത ബി.ജെ.പി സർക്കാറിനെതിരെ വ്യാപക പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തുന്നത്.

Tags:    
News Summary - Priyanka Gandhi arranges 500 buses for migrants-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.